Friday, April 11, 2025
Kerala

കൊല്ലത്ത് 14കാരനെ ആറ് പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി; കന്യാകുമാരി സ്വദേശി പിടിയിൽ

കൊല്ലം കണ്ണനല്ലൂരിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് തട്ടിക്കൊണ്ടുപോയ 14 വയസുകാരനെ പൊലീസ് അത്ഭുതകരമായി രക്ഷപ്പെടുത്തി. തമിഴ്നാട്ടുകാരായ 6 പേരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തമിഴ്നാട് അതിർത്തിയിൽ നിന്ന് പാറശാല പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ കന്യാകുമാരി സ്വദേശിയായ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊട്ടിയം കൺനനല്ലൂർ സ്വദേശി ആസാദിൻ്റെ മകൻ ആഷിക്കിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. കാറുകളിലെത്തിയ തമിഴ്നാട് സ്വദേശികളടങ്ങുന്ന ആറംഗ സംഘം വീട്ടിൽ അതിക്രമിച്ചുകയറി കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഘത്തിൽ ആറല്ല, ഒൻപത് പേരുണ്ടായിരുന്നു എന്നും സൂചനയുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് വ്യക്തമായതോടെ എല്ലാ സ്റ്റേഷനുകളിലും വിവരമറിയിച്ചിരുന്നു. തുടർന്ന് കുട്ടിയെ തമിഴ്നാട് ഭാഗത്തേക്ക് കടത്തുന്നതായി ചില സ്റ്റേഷനുകളിൽ നിന്ന് അറിയിച്ചു. തുടർന്ന് തമിഴ്നാട് രജിസ്ട്രേഷനുള്ള കാർ പിന്തുടർന്ന പാറശാല പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഒരാളെ പിടികൂടാനേ സാധിച്ചുള്ളൂ. ബാക്കിയുള്ളവർ ഓടിരക്ഷപ്പെട്ടു.

എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമല്ല. അറസ്റ്റിലായ ബിജു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *