Sunday, April 13, 2025
Kerala

കരടിയുടെ ആക്രമണത്തിൽ 14-കാരന് പരിക്ക്‌; അച്ഛനും സഹോദരനും രക്ഷപ്പെട്ടു

മറയൂർ: ചിന്നാർ വന്യജീവിസങ്കേതത്തിൽ കരടിയുടെ ആക്രമണത്തിൽ 14-കാരന് പരിക്കേറ്റു. അച്ഛനും സഹോദരനും രക്ഷപ്പെട്ടു. മറയൂർ പഞ്ചായത്തിൽ പുതുക്കുടി ഗോത്രവർഗ കോളനി സ്വദേശി അരുൺകുമാറിന്റെ മകൻ കാളിമുത്തു (14)വിനാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. അരുൺകുമാറും മക്കളായ വിജയകുമാറും കാളിമുത്തുവും ഞായറാഴ്ച രാവിലെ 10-ന് വീടിന് സമീപം നിർമിക്കുന്ന മൺവീടിന് ഉപയോഗിക്കാൻ വള്ളി (പാൽക്കൊടി) ശേഖരിക്കാനായി സമീപമുള്ള മലയിൽ പോയതാണ്. ഈ സമയത്ത് അപ്രതീക്ഷിതമായിവന്ന മൂന്ന് കരടികളിലൊന്ന് കാളിമുത്തുവിനെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ മറിച്ചിട്ട് കരടി കാലിൽകടിച്ചു. അരുൺകുമാറും വിജയകുമാറും കൈയിലുണ്ടായിരുന്ന വടികൾ ഉപയോഗിച്ച് കരടിയെ നേരിട്ടു.കുറച്ചുസമയത്തിനകം കാളിമുത്തുവിനെവിട്ട് കരടികൾ വനത്തിനുള്ളിലേക്ക് പോയി. പരിക്കേറ്റ കാളിമുത്തുവിനെ അച്ഛനും സഹോദരനുംകൂടി മൂന്നുകിലോമീറ്റർ ദൂരം തോളിൽ ചുമന്ന് പുതുകുടിയിലെത്തിച്ചു. ഇവിടെനിന്ന് ജീപ്പിൽ മറയൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *