ശിവരാത്രി ആഘോഷിച്ച് ആയിരങ്ങൾ; ആലുവ മണപ്പുറത്ത് വിശ്വാസികൾ ബലിതർപ്പണം നടത്തി
കൊവിഡ് മഹാമാരി തീർത്ത ഇടവേളയ്ക്ക് ശേഷം ആലുവ മണപ്പുറത്ത് ശിവരാത്രി ആഘോഷിച്ച് പതിനായിരങ്ങൾ. രാത്രി 12 മണിയോടെ നടന്ന ശിവരാത്രി വിളക്കിന് ശേഷം വിശ്വാസികൾ ബലിതർപ്പണം നടത്തി. 116 ബലിത്തറകളാണ് നഗരസഭ പെരിയാറിന്റെ തീരത്ത് ഒരുക്കിയത്.
ബലിതർപ്പണ ചടങ്ങുകൾ നാളെ രാവിലെ വരെ നീളും. ഒരേസമയം 2000 പേർക്ക് ബലിയിടാനുള്ള സൗകര്യമാണ് മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. ആലുവ നഗരസഭ, പൊലീസ്, അഗ്നിരക്ഷസേന തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരക്ക് പൂർണ്ണമായും നിയന്ത്രിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടു വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. സുരക്ഷയ്ക്ക് 1200 പോലീസുകാരെ വിന്യസിച്ചു. തിരക്ക് ഒഴിവാക്കാൻ കെഎസ്ആർടിസി 210 പ്രത്യേക സര്‍വീസുകൾ നടത്തുന്നുണ്ട്. സ്വകാര്യ ബസുകള്‍ക്ക് സ്‌പെഷ്യൽ പെര്‍മിറ്റും നല്‍കും. ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേയും അധിക സര്‍വ്വീസ് നടത്തുമെന്ന് കൊച്ചി മെട്രോയും അറിയിച്ചു.