Tuesday, January 7, 2025
Kerala

പിണറായി സർക്കാരിന്റെ ശ്രമം മാധ്യമങ്ങളെ ഭയപ്പെടുത്തൽ; വി.ഡി. സതീശൻ

പിണറായി സർക്കാരിന്റെ ശ്രമം മാധ്യമങ്ങളെ ഭയപ്പെടുത്തലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസിലെ പൊലീസ് പരിശോധന അസഹിഷ്ണുതയുടെ പര്യായമാണ്. ബി ബി സി ഓഫീസിൽ റെയ്ഡ് നടത്തിയ മോദിയും പിണറായിയും തമ്മിൽ ഒരു വ്യത്യാസവും ഇല്ലാത്ത അവസ്ഥയാണ്. ഫാസിസത്തിന്റെ ഒരു വശമാണ് ഇതെന്നതിൽ തർക്കമില്ലെന്നും അദ്ദേഹം വിമർശിച്ചു.

എം.കെ.രാഘവൻ്റെ പ്രസ്താവനയ്ക്ക് കെപിസിസി അധ്യക്ഷൻ മറുപടി നൽകും. സാധാരണ വീട്ടിലുണ്ടാകുന്ന ചേട്ടൻ അനിയൻ പരാതികളായി നിലവിലെ വിമർശനങ്ങളെ കണ്ടാൽ മതി. നിലവിൽ ഒറ്റക്കെട്ടായാണ് കോൺഗ്രസും യുഡിഎഫും മുന്നോട്ട് പോകുന്നത്. പ്രതിപക്ഷം മുഖ്യമന്ത്രി യുടെ കുടുംബത്തെ എവിടെ വേട്ടയാടി എന്നാണ് ഇ.പി ജയരാജൻ പറയുന്നത്. തന്റെ കുടുംബത്തിനെതിരായ ആരോപണങ്ങൾ ഉണർന്നപ്പോൾ അതിൽ മുഖ്യമന്ത്രി യുടെ കുടുംബത്തെ കൂടി ഉൾപ്പെടുത്താനാണ് ഇ പി യുടെ ശ്രമമെന്നും സതീശൻ ആരോപിച്ചു.

വ്യാജ വാർത്താ ദൃശ്യം ചമയ്ക്കൽ കേസിൽ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ കോഴിക്കോട് ഓഫീസിൽ ഇന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു. ആ നീക്കത്തെയാണ് സതീശൻ രൂക്ഷ ഭാഷയിൽ വിമർശിച്ചത്. എ.സി.പി വി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തഹസിൽദാറും വില്ലേജ് ഓഫീസറും പരിശോധനയിൽ പങ്കെടുത്തിരുന്നു.

വ്യാജ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്ന പരാതിയിൽ ഏഷ്യാനറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകർ ഉൾപ്പെടെ നാല് പേർക്കെതിരെ കോഴിക്കോട് വെള്ളയിൽ പൊലീസ് കേസെടുത്തു. കെ ഷാജഹാൻ, നൗഫൽ ബിൻ യൂസഫ് എന്നിവർ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കേസ്. പോക്സോ, വ്യാജ രേഖ ചമക്കൽ, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഇതിനിടെ ഏഷ്യാനെറ്റ് ന്യൂസിനെതിരെയുണ്ടായ അതിക്രമത്തില്‍ കെയുഡബ്ല്യുജെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിൽ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറുകയും ഓഫിസിനുള്ളില്‍ ബാനര്‍ കെട്ടുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തിരുന്നു. പ്രസ് ക്ലബ് ഓഫ് ഇന്ത്യ സംഭവത്തെ അപലപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *