സ്വത്തു തർക്കം; കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ വെടിവെച്ച് കൊന്നു
കോട്ടയത്ത് സ്വത്തു തർക്കത്തിന്‍റെ പേരിൽ സഹോദരനെ വെടി വെച്ചു കൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പാനായിൽ രഞ്ജു കുര്യനാണ് വെടിയേറ്റുമരിച്ചത്. രഞ്ജുവിന്‍റെ തന്നെ സഹോദരനായക ജോർജ് കുര്യനാണ് വെടിവെച്ചത്.
ഇവരുടെ മാതൃ സഹോദരൻ മാത്യു സ്കറിയക്കും വെടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെയ്പ്പിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവായ ജോർജ് കുര്യൻ കുടുംബ ഉടമസ്ഥതയിലുള്ള സ്ഥലം കഴിഞ്ഞ ദിവസം വിറ്റിരുന്നു. ഊട്ടിയിൽ വ്യവസായിയായ രഞ്ജു ഇതിനെപ്പറ്റി ചോദിക്കുന്നതിനായി കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ എത്തുകയും തറവാട്ടുവീട്ടിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ വാക്കേറ്റം ഉണ്ടാകുകയും പ്രശ്നമാകുകയും ചെയ്തു.
വെടിയേറ്റ് അബോധാവസ്ഥയിലായ മാത്യുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജോർജിനെ കാഞ്ഞിരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസൻസുള്ള തോക്കാണ് ജോര്‍ജ് കൊലപാതകത്തിനുപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.