വിഴിഞ്ഞത്ത് ജോലി കഴിഞ്ഞുവന്ന ബാങ്ക് ഉദ്യോഗസ്ഥയെ ഭർത്താവ് നടുറോഡിൽ കുത്തിവീഴ്ത്തി
തിരുവനന്തപുരം വിഴിഞ്ഞത് ബാങ്ക് ജീവനക്കാരിയെ ഭർത്താവ് നടുറോഡിൽ കുത്തിവീഴ്ത്തി. കല്ലമ്പലം സ്വദേശിയും എസ് ബി ഐ വിഴിഞ്ഞം ശാഖാ ജീവനക്കാരിയുമായ സിനി എസ് കെ(49)യെയാണ് ഭർത്താവ് സുഗതീശൻ കുത്തിപ്പരുക്കേൽപ്പിച്ചത്. വലതു കയ്യിലും വയറിലുമാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ സിനിയെ എടിഎം കൗണ്ടറിന് സമീപത്ത് ഒളിച്ചുനിന്ന സുഗതീശൻ ഓടിയെത്തി കുത്തുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേർന്ന് സുഗതീശനെ പിടികൂടുകയും സിനിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു
കല്ലമ്പലത്ത് താമസിക്കുന്ന സിനി ഭർത്താവിന്റെ ഉപദ്രവത്തെ തുടർന്നാണ് വിഴിഞ്ഞം ശാഖയിലേക്ക് സ്ഥലം മാറിയെത്തിയത്. വെങ്ങാനൂരിൽ വീട് വാടകക്ക് എടുത്ത് മകനൊപ്പം താമസിക്കുകയായിരുന്നു