കാട്ടാക്കടയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി
തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. എരുമക്കുഴി താന്നിമൂടി അജിത് ഭവനിൽ പത്മാക്ഷി(52)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഇവരുടെ ഭർത്താവ് ഗോപാലകൃഷ്ണൻ(66) പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഉച്ചയോടെ ഗോപാലകൃഷ്ണൻ ബൈക്കിൽ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇയാളുടെ ശരീരത്തിൽ രക്തക്കറയുമുണ്ടായിരുന്നു. തുടർന്ന് ആളുകൾ വിവരം മകനെ അറിയിച്ചു. മകൻ വന്ന് വീട് തുറന്നു നോക്കിയപ്പോഴാണ് പത്മാക്ഷി വെട്ടുകൊണ്ട് കിടക്കുന്നത് കണ്ടത്
മകൻ രാവിലെ ഭാര്യയുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പ്രദേശത്ത് മഴയുമുണ്ടായിരുന്നതിനാൽ ശബ്ദവും ആരും കേട്ടില്ല. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു.