‘ഫിലമെന്‍റ് രഹിത കേരളം’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഫിലമെന്‍റ് രഹിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
വീടുകളിലെ സാധാരണ ഫിലമെന്‍റ് ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. വൈദ്യുതി ഉപഭോഗവും ചെലവും ഗണ്യമായി കുറയ്ക്കാന്‍ ഇത് കൊണ്ടു കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി പൂര്‍ണമായാല്‍ 100 മുതല്‍ 150 വരെ മെഗാവാട്ട് വൈദ്യുതി ലഭിക്കാന്‍ കഴിയും. ഇതുവഴി കെഎസ്ഇബിയുടെ വൈദ്യുതി വാങ്ങല്‍ ചെലവ് കുറയും.
മൂന്നുവര്‍ഷം ഗ്യാരന്‍റിയുള്ള എല്‍.ഇ.ഡി. ബള്‍ബുകളാണ് നല്‍കുന്നത്. 100 രൂപയിലധികം വിലയുള്ള ബള്‍ബുകള്‍ 65 രൂപയ്ക്കാണ് നല്‍കുക. ഗ്യാരന്‍റി കാലയളവിനിടയില്‍ കേടായാല്‍ മാറ്റി നല്‍കും. ബള്‍ബിന്‍റെ വില വൈദ്യുതി ബില്ലിന്‍റെ കൂടെ ഒന്നിച്ചോ തവണകളായോ അടയ്ക്കാം. കെ.എസ്.ഇ.ബിയുടെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ബള്‍ബ് നല്‍കുന്നത്. നിലവില്‍ 17 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് നല്‍കാന്‍ 1 കോടി ബള്‍ബുകള്‍ ഈ ഘട്ടത്തില്‍ വേണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കും. പരമാവധി പേര്‍ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആഭ്യര്‍ത്ഥിച്ചു.
പരിസ്ഥിതി സൗഹൃദമായ പദ്ധതിയാണ് കെ.എസ്.ഇ.ബിയും എനര്‍ജി മാനേജ്മെന്‍റ് സെന്‍ററും ചേര്‍ന്ന് നടപ്പാക്കുന്നത്. കെ.എസ്.ഇ.ബി തിരിച്ചെടുക്കുന്ന ഫിലമെന്‍റ് ബള്‍ബുകള്‍ ക്ലീന്‍ കേരള കമ്പനിക്ക് നല്‍കും. അവര്‍ അതു ശാസ്ത്രീയമായി സംസ്കരിക്കും. ആഗോളതാപനം തടയാന്‍ കേരളം മുന്നോട്ടുവെയ്ക്കുന്ന ബദല്‍ ഇടപെടലാണ് ഫിലമെന്‍റ് രഹിത കേരളം പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരുവു വിളക്കുകള്‍ പൂര്‍ണമായി എല്‍.ഇ.ഡി.യായി മാറ്റാനുള്ള ‘നിലാവ്’ പദ്ധതി നടപ്പാക്കാനുള്ള നടപടി ആരംഭിച്ചിരിക്കുകയാണ്. 16 ലക്ഷം തെരുവുവിളക്കുകളില്‍ 5.5 ലക്ഷം ഇപ്പോള്‍ തന്നെ എല്‍.ഇ.ഡി.യാണ്. ബാക്കി 10.5 ലക്ഷം മാറ്റാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ രണ്ടു ലക്ഷം ബള്‍ബുകള്‍ മാറ്റും. അടുത്ത ഘട്ടത്തില്‍ ബാക്കി മുഴുവന്‍ മാറ്റും. വൈദ്യുതി ഉല്പാദന‑വിതരണ‑പ്രസരണ രംഗങ്ങളില്‍ നാലര വര്‍ഷം കൊണ്ട് സര്‍ക്കാര്‍ വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി നാലുവര്‍ഷം ദേശീയ ഊര്‍ജസംരക്ഷണ അവാര്‍ഡ് കേരളത്തിന് ലഭിച്ചത് ഇതിനുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍ സ്വാഗതം പറഞ്ഞു.