ഗവർണർക്കെതിരെ കടുത്ത നടപടിയെടുക്കാൻ സർക്കാരിന് അനുമതി നൽകി സി.പി.ഐ.എം
ഗവർണർക്കെതിരെ കടുത്ത നടപടിയെടുക്കാൻ സർക്കാരിന് സി.പി.ഐ.എമ്മിൻ്റെ അനുമതി. ഓർഡിനൻസ് ഉൾപ്പെടെ സർക്കാരിന് എന്തും ചെയ്യാമെന്നാണ് പാർട്ടി നിലപാട്. ഗവർണറെ ഉപയോഗപ്പെടുത്തി ഉന്നത വിദ്യാദ്യാസ മേഖലയെ തകർക്കാനാണ് ശ്രമമെന്ന് പാർട്ടി വിലയിരുത്തി. ആസൂത്രിത പദ്ധതിയിലൂടെ മുന്നോട്ട് നയിക്കാൻ ശ്രമിക്കുമ്പോൾ ജനാധിപത്യ മൂല്യങ്ങൾ തകർക്കാനാണ് സംഘ പരിവാർ ശ്രമം.
സർവകലാശാലകളിൽ ആർ.എസ്.എസ് ബന്ധമുള്ളവരെ കയറ്റി വർഗീയ ചേരിതിരിവുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതിനെയെല്ലാം നിയമപരമായും ഭരണഘടനാപരമായും നേരിടും. രാഷ്ട്രീയമായി ഗവർണറുടെ നടപടികളെ തുറന്നുകാട്ടും. ബി.ജെ.പിയുടെ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്ന ഗവർണർക്ക് അനുകൂലമായി നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വം ഗവർണറെ ശക്തിയായി എതിർക്കുമ്പോഴാണ് കേരളത്തിലെ നേതാക്കൾ അനുകൂലിക്കുന്നത്. ലീഗും ആർ.എസ്.പിയും സ്വതന്ത്ര നിലപാടാണ് ഇക്കാര്യത്തിൽ എടുക്കുന്നത്.
ഗവർണറുടെ നിലപാടിനെതിരായി ജനങ്ങളെ അണിനിരത്തി വിദ്യാദ്യാസ സംരക്ഷണ യജ്ഞം തുടരാനും സിപിഐഎം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മുഴുവൻ വീടുകളിലും ലഘുലേഖ വിതരണം ചെയ്യും. കോളജുകളിൽ 14 നകം പ്രതിഷേധം സംഘടിപ്പിക്കും. വിദ്യാഭ്യാസ സംരക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ 15 ന് രാജ്ഭവൻ മാർച്ചും ധർണയും നടത്തും. സീതാറാം യെച്ചൂരിയാകും പരിപാടി ഉദ്ഘാടനം ചെയ്യുക. എല്ലാ ജില്ലകളിലും പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുമെന്നും പാർട്ടി വ്യക്തമാക്കുന്നു.