Friday, January 10, 2025
World

ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകെ ബലാൽസംഗക്കേസിൽ അറസ്റ്റില്‍

സിഡ്നി:ട്വന്റി-20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അംഗം ധനുഷ്‌ക ഗുണതിലകെ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റില്‍. സിഡ്‌നി പോലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. യുവതി നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം സിഡ്‌നിയില്‍ നടന്ന ശ്രീലങ്ക-ഇംഗ്ലണ്ട് മത്സരത്തിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. ഗുണതിലകെ ഇല്ലാതെ ശ്രീലങ്കന്‍ ടീം ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട 29 വയസുകാരിയാണ് പരാതിക്കാരി. സിഡ്നിയിലെ റോസ്ബേയില്‍ ഒരു വീട്ടില്‍ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതി. നവംബര്‍ രണ്ടിനാണ് പരാതിക്ക് കാരണമായ സംഭവം നടക്കുന്നത്. സിഡ്നിയില്‍ ടീം താമസിച്ച ഹോട്ടലില്‍വെച്ചാണ് ഗുണതിലകെയെ കസ്റ്റഡിയില്‍ എടുത്തത്.

സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതടക്കം താരത്തിനെതിരേ നാല് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയ പോലീസ് കേസില്‍ മറ്റൊരാളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനോടും പരാജയപ്പെട്ട ശ്രീലങ്ക ലോകകപ്പില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ടീം അംഗം ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലാവുന്നത്.

പിന്‍തുടയിലെ ഞരമ്പിലെ പരുക്കുകാരണം പ്രാഥമിക റൗണ്ടിനുള്ള ടീമില്‍ നിന്ന് ഗുണതിലകെയെ ഒഴിവാക്കിയിരുന്നു. ഇദ്ദേഹത്തിന് പകരം മറ്റൊരു താരത്തെ ഉള്‍പ്പെടുത്തിയെങ്കിലും ഓസ്ട്രേലിയയില്‍ ടീമിനൊപ്പം തുടരുകയായിരുന്നു. 2015-ല്‍ ദേശീയ ടീമിലെത്തിയ താരം എട്ടു ടെസ്റ്റുകളും 47 ഏകദിനങ്ങളും 46 ടി-20കളും കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *