ജോജുവുമായുള്ള കേസ് ഒത്തുതീർക്കണമെന്ന് ഒരു നിർബന്ധവുമില്ലെന്ന് കോൺഗ്രസ്
നടൻ ജോജു ജോർജുമായുള്ള കേസ് ഒത്തു തീർപ്പാക്കണമെന്ന് കോൺഗ്രസിന് ഒരു നിർബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നൂറ് കേസുകളിൽ പ്രതികളായി നിരവധി കോൺഗ്രസുകാർ ജയിലിൽ കിടന്നിട്ടുണ്ട്. അതുകൊണ്ട് ജോജുവിന്റെ കേസിലും ജയിലിൽ പോകാൻ കോൺഗ്രസുകാർ തയ്യാറാണ്. വിഷയം ഒത്തുത്തീർക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റിനെ സമീപിച്ചത് ജോജുവിന്റെ സുഹൃത്തുക്കളാണ്. അല്ലാതെ പ്രശ്‌നം തീർക്കണമെന്ന് കോൺഗ്രസിന് നിർബന്ധമില്ല.
ഒത്തുതീർപ്പ് ചർച്ചകൾക്ക് മുൻകൈ എടുത്തത് ജോജുവിന്റെ രണ്ടു സുഹൃത്തുക്കളാണ്. അവരാണ് ഡിസിസി പ്രസിഡന്റിനെ കണ്ട് പ്രശ്നം തീർക്കണമെന്ന് പറഞ്ഞത്. ഇക്കാര്യം എന്നോടും വിഡി സതീശനോടും പറഞ്ഞപ്പോൾ, തീർത്തോളാനാണ് പറഞ്ഞതാണ്. നമുക്ക് അങ്ങനെയൊരു തർക്കം മുന്നോട്ട് കൊണ്ട് പോകേണ്ട കാര്യമില്ല. അങ്ങനെയാണ് ആ ചർച്ച വന്നത്. എന്നാൽ വിഷയത്തിൽ മന്ത്രിമാർ അടക്കം ഇടപ്പെട്ടു. ഒത്തുതീർപ്പ് പാടില്ലെന്ന് പറഞ്ഞു. അതോടെയാണ് ജോജു വിഷയം ഒത്തുതീരാത്തത്.
ഞങ്ങൾക്കൊരു നിർബന്ധവുമില്ല, ഇത് ഒത്തുതീർക്കണമെന്ന്. നൂറു കേസിൽ പ്രതികളായി കോൺഗ്രസുകാർ ജയിലിൽ കിടന്നിട്ടുണ്ട്. അതുകൊണ്ട് ജോജുവിന്റെ കേസിൽ ജയിലിൽ പോകാൻ കോൺഗ്രസുകാർ തയ്യാറാണ്. വിഷയത്തിൽ ഡിസിസി പ്രസിഡന്റ് മാപ്പൊന്നും പറഞ്ഞിട്ടില്ല. ജോജു ചെയ്തത് വിമർശിക്കുന്ന ഒരുപാട് സിനിമ പ്രവർത്തകരുണ്ട്. ആ സമരം സിപിഐഎമ്മിന്റേത് ആയിരുന്നെങ്കിൽ ജോജുവിന്റെ അനുശോചനയോഗം വരെ കഴിഞ്ഞിരിക്കുമെന്നും കെ സുധാകരൻ പരിഹസിച്ചു.