ജോജുവിന്റെ കാർ തല്ലിത്തകർത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
ഇന്ധനവില വർധനവിനെതിരെ കൊച്ചിയിൽ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനിടെ നടൻ ജോജുവിന്റെ കാർ തല്ലിത്തകർത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.
നേരത്തെ കേസിൽ അറസ്റ്റിലായ ജോസഫിന്റെ മൊഴിയനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞത്. ജോസഫിന്റെ ജാമ്യാപേക്ഷ ഇന്നലെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. പ്രതിഭാഗം ഉയർത്തിയ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.
ജോജുവുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതായി വാർത്തകൾ വന്നിരുന്നു. കെ സുധാകരനും, വി ഡി സതീശനും അടക്കമുള്ളവർ ജോജുവിനെ ഫോണിൽ ബന്ധപ്പെട്ടതായി ജോജുവിന്റെ അഭിഭാഷകൻ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ പരസ്യമായി പിൻവലിക്കണമെന്ന ഉപാധിയാണ് ജോജു മുന്നോട്ടുവെച്ചത്.
എന്നാൽ സമവായ ചർച്ച നടന്നതിന് പിന്നാലെയും കോൺഗ്രസ് നേതാക്കൾ ജോജുവിനെതിരെ രൂക്ഷ വിമർശനം നടത്തിയതോടെ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ താരം തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് കേസിലെ രണ്ടാമത്തെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കാർ തല്ലി തകർത്ത കേസിൽ കൊച്ചി മുൻ മേയർ ടോണി ചമ്മണി അടക്കം എട്ട് പേരാണ് പ്രതികളായുള്ളത്.
വൈറ്റിലയിലെ സംഭവത്തിന് ശേഷവും വ്യക്തികേന്ദ്രീകൃതമായ അധിക്ഷേപം തുടർന്നുവെന്നും ഇതിൽ ഇടപെടൽ വേണമെന്നുമാണ് കോടതിയിൽ നൽകിയ അപേക്ഷയിൽ ജോജു പറയുന്നത്. അതേസമയം ഒത്തുതീർപ്പിനുള്ള സാധ്യത ജോജു ഇനിയും മുന്നോട്ടുവെക്കുന്നുണ്ട്.