സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് തടസ്സമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടാൻ സാധ്യത. ആന്ധ്രാ തീരത്തായുള്ള ചക്രവാതച്ചുഴിയുടെയും അനുബന്ധ ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായാണ് മഴ തുടരുന്നത്. മധ്യ, വടക്കൻ കേരളത്തിലെ മലയോരമേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേകം മഴ മുന്നറിയിപ്പില്ല.
അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും, മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.