അനാഥാലയത്തിൽ ഭക്ഷ്യവിഷബാധ; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം, 11 പേർ ആശുപത്രിയിൽ
തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് മൂന്ന് കുട്ടികൾ മരിക്കുകയും 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മാതേഷ്, അദിഷ്, ബാബു എന്നിവരാണ് മരിച്ചത്. പിടിഐയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. തിരുപ്പൂരിലെ ശ്രീ വിവേകാനന്ദ സേവാലയം എന്ന സ്വകാര്യ അനാഥാലയത്തിലെ കുട്ടികളാണ് മരിച്ചത്.
എട്ടിനും 13നും ഇടയിൽ പ്രായമുള്ള മൂന്ന് ആൺകുട്ടികളാണ് ആശുപത്രിയിൽ മരിച്ചത്. മറ്റ് 11 പേർ ചികിത്സയിലാണ്. മൂന്ന് പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയുണ്ടെന്ന പ്രാഥമിക റിപ്പോർട്ടിനെ തുടർന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി തിരുപ്പൂർ ജില്ലാ കളക്ടർ എസ്. വിനീത് എഎൻഐയോട് പറഞ്ഞു. കേസിൽ ശ്രീ വിവേകാനന്ദ സേവാലയം അഡ്മിനിസ്ട്രേഷനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്