ശശി തരൂരിനെതിരെ കേരളത്തിലെ പ്രധാന നേതാക്കൾ ഒറ്റക്കെട്ട്; ഖാർഗെയ്ക്കായി പ്രചാരണം
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ കേരളത്തിലെ പ്രധാന നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തനം ആരംഭിച്ചു. മല്ലികാർജുൻ ഖാർഗെയാണ് ഔദ്യോഗിക സ്ഥാനാർത്ഥി എന്ന തരത്തിലാണ് നേതാക്കൾ പ്രചരണം നടത്തുന്നത്. അതേസമയം ശശി തരൂർ കേരളത്തിലെ പ്രചരണം പൂർത്തിയാക്കി ഇന്ന് ചെന്നൈയിലേക്ക് പോകും.
എഐസിസി പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു പ്രധാനപ്പെട്ട നേതാവിന്റെ പോലും പിന്തുണ നേടാൻ ശശി തരൂരിന് കഴിഞ്ഞില്ല. രമേശ് ചെന്നിത്തലയാകട്ടെ മല്ലികാർജുൻ ഖാർഗെക്കായി നാല് സംസ്ഥാനങ്ങളിൽ പ്രചരണത്തിനിറങ്ങാനും തയ്യാറെടുക്കുകയാണ്. മല്ലികാർജുൻ ഖാർഗെ ഗാന്ധി കുടുംബത്തിന് താല്പര്യമുള്ള സ്ഥാനാർഥി എന്ന നിലയിലാണ് പ്രചരണം. നേതാക്കൾ നേരിട്ട് രംഗത്തിറങ്ങുന്നതോടെ കേരളത്തിൽ നിന്ന് പരമാവധി വോട്ടുകൾ സമാഹരിക്കുക എന്ന തരൂരിന്റെ ലക്ഷ്യം എളുപ്പത്തിൽ നടപ്പിലാവില്ല.
എന്നാൽ രഹസ്യ ബാലറ്റിലൂടെ കേരളത്തിലെ ഭൂരിപക്ഷം തനിക്ക് ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ശശി തരൂർ. നേതാക്കന്മാർ ഖാർഗെയ്ക്ക് പരസ്യ പിന്തുണ അറിയിക്കുന്നതിൽ നീരസം മറച്ചുവയ്ക്കുന്നുമില്ല തരൂർ. ഇന്ന് പ്രചാരണത്തിനായി ചെന്നൈയിൽ എത്തുന്ന തരൂർ പിസിസി ആസ്ഥാനത്ത് വച്ച് തമിഴ്നാട്ടിലെ നേതാക്കളെ കണ്ട് പിന്തുണ അഭ്യർത്ഥിക്കും. അതേസമയം, സമൂഹമാധ്യമങ്ങളിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ശശി തരൂരിന് പിന്തുണയേറുന്നുണ്ട്.