കോവിഡ് വ്യാപാനം; അടച്ചിട്ട പാളയം മാർക്കറ്റ് ഇന്നു മുതൽ പ്രവർത്തിക്കും
കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ട പാളയം മാർക്കറ്റ് ചൊവ്വാഴ്ചമുതൽ പ്രവർത്തിക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായിപാലിച്ചായിരിക്കും മാർക്കറ്റിന്റെ പ്രവർത്തനം.
കഴിഞ്ഞ 23-നാണ് പാളയം പച്ചക്കറിമാർക്കറ്റിലെ 233 പേർക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് മാർക്കറ്റ് അടച്ചിട്ടു. മാർക്കറ്റുമായി ബന്ധപ്പെട്ടവരുടെ നിരീക്ഷണകാലാവധി പൂർത്തിയായതിനുശേഷം വെള്ളിയാഴ്ച കോവിഡ് പരിശോധന നടത്തിയിരുന്നു. 304 പേർക്ക് നടത്തിയ പരിശോധനയിൽ 31 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗവ്യാപനം കുറഞ്ഞതിനെത്തുടർന്നാണ് മാർക്കറ്റ് തുറക്കാൻ ജില്ലാഭരണകൂടം അനുമതി നൽകിയത്. കോവിഡ് വ്യാപനഭീതിയിൽ പാളയം പച്ചക്കറി മാർക്കറ്റ് അടച്ചതിനെത്തുടർന്ന് വേങ്ങേരിയിലെ തടമ്പാട്ടുതാഴം കാർഷികവിപണനകേന്ദ്രത്തിലാണ് മൊത്തക്കച്ചവടം നടത്തിയിരുന്നത്. വേങ്ങേരി മാർക്കറ്റിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇവിടെ അടച്ചിരുന്നു. പാളയം മാർക്കറ്റ് തുറക്കുന്നതോടെ പഴം-പച്ചക്കറി വ്യാപാരികൾക്ക് ആശ്വാസമാകും.