അഴിമതിക്കും നീതിരാഹിത്യത്തിനും കൂട്ടുനില്‍ക്കില്ല, ഇത് ജനങ്ങളോടുള്ള വാക്ക്: എം ബി രാജേഷ്
തനിക്ക് ലഭിക്കുന്ന വകുപ്പ് ഏതായാലും അഴിമതിക്കും നീതിരാഹിത്യത്തിനും കൂട്ടുനില്‍ക്കില്ല എന്ന വാക്ക് താന്‍ ജനങ്ങള്‍ക്ക് നല്‍കുന്നുവെന്ന് എം ബി രാജേഷ്. വകുപ്പ് ഏതാണെന്ന് നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും കഴിവിന്റെ പരമാവധി ഭംഗിയായി ചെയ്യാന്‍ ശ്രമിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ട്വന്റിഫോറിന്റെ ഗുഡ്‌മോണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം ബി രാജേഷ്.
സ്പീക്കര്‍ പദവി തന്റെ വ്യക്തിത്വത്തെ വളരെയധികം സ്വാധീനിച്ചതായി എം ബി രാജേഷ് പറഞ്ഞു. സ്പീക്കറായിരുന്നപ്പോള്‍ വന്ന വിമര്‍ശനങ്ങളെ ഉള്‍പ്പെടെ വളരെ പോസിറ്റിവായാണ് കണ്ടത്. ജനാധിപത്യത്തില്‍ ആരും വിമര്‍ശനത്തിന് അതീതരാണെന്ന് വിശ്വസിക്കുന്നില്ല. വിമര്‍ശനങ്ങള്‍ സ്വയം വിലയിരുത്തും. സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റിലൂടെ താന്‍ ജനങ്ങളുടെ വിമര്‍ശനാത്മകമായ പിന്തുണയാണ് ആവശ്യപ്പെട്ടതെന്നും എം ബി രാജേഷ് പറഞ്ഞു. ഉപാധികളില്ലാത്ത പിന്തുണയെന്ന് താന്‍ ഒരിക്കലും പറയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.