Saturday, January 4, 2025
Wayanad

തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കു നിയമസഭയിലേക്കു സീറ്റില്ലെന്ന കോണ്‍ഗ്രസ് നിലപാടിനെച്ചൊല്ലിയും വയനാട്ടില്‍ വിവാദം

കല്‍പറ്റ-തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കു നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു സീറ്റ് നല്‍കില്ലെന്ന കോണ്‍ഗ്രസ് നിലപാടിച്ചൈാല്ലിയും വയനാട്ടില്‍ വിവാദം. കല്‍പറ്റ മണ്ഡലം സ്ഥാനാര്‍ഥി സാധ്യതാപട്ടികയില്‍നിന്നു പുല്‍പള്ളിയില്‍നിന്നുള്ള നേതാവും ഐ ഗ്രൂപ്പിലെ പ്രമുഖനുമായ കെ.എല്‍.പൗലോസിനെ വെട്ടുന്നതിനാണ് ഈ ഉപാധി കൊണ്ടുവന്നതെന്നു ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗം പറയുന്നു. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരാണ് ഈ കളിക്കു പിന്നിലെന്ന സന്ദേഹവും അവര്‍ക്കുണ്ട്.
ജില്ലയിലെ ഏക ജനറല്‍ നിയോജകമണ്ഡലമാണ് കല്‍പറ്റ. യു.ഡി.എഫിനു വിജയ സാധ്യയുള്ള മണ്ഡലത്തില്‍ ജനവിധി തേടാന്‍ താത്പര്യമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലയ്ക്കു അകത്തും പുറത്തുമുണ്ട്. പാര്‍ട്ടിയിലെ എ ഗ്രൂപ്പില്‍നിന്നുള്ള കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ കെ.സി.റോസക്കുട്ടി, ടി.സിദ്ദിഖ്, കെ.പി.സി.സി മെംബര്‍ എന്‍.ഡി.അപ്പച്ചന്‍, ഡി.സി.സി സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കെ.ഇ.വിനയന്‍, ഐ ഗ്രൂപ്പില്‍നിന്നുള്ള കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം പി.വി. ബാലചന്ദ്രന്‍, കെ.പി.സി.സി സെക്രട്ടറി കെ.കെ.അബ്രഹാം, കെ.പി.സി.സി മെംബര്‍ കെ.എല്‍.പൗലോസ് … ഇങ്ങനെ നീളുന്നതാണ് കല്‍പറ്റയില്‍ പൊരുതാന്‍ മോഹമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിര. സീറ്റ് ഉറപ്പിക്കുന്നതിനു ആഴ്ചകളായി കരുനീക്കം നടത്തിവരികയാണ് ഇവരില്‍ പലരും.
പാര്‍ട്ടി നേതൃത്വം കല്‍പറ്റ മണ്ഡലം എ ഗ്രൂപ്പിനു നല്‍കുന്നതിനു തടയിടാന്‍ ഐ വിഭാഗം അടുത്തിടെ നീക്കം നടത്തിയിരുന്നു. കാലങ്ങളായി കല്‍പറ്റ സീറ്റ് കോണ്‍ഗ്രസിനു ലഭിച്ചപ്പോഴെക്കെ മത്സരിച്ചതു ഐ ഗ്രൂപ്പില്‍നിന്നുള്ളവരാണെന്നും ഇത്തവണയും ഈ സ്ഥിതി തുടരണമെന്നും ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തോടു ആവശ്യപ്പെട്ടു. സീറ്റ് ഐ ഗ്രൂപ്പിനു നല്‍കാന്‍ തീരുമാനമായാല്‍ ജില്ലയില്‍നിന്നുള്ള നേതാക്കളില്‍ പി.വി.ബാലചന്ദ്രന്‍, കെ.എല്‍.പൗലോസ്, കെ.കെ.അബ്രഹാം എന്നീ പേരുകള്‍ സ്വാഭാവികമായും പരിഗണനയ്ക്കു വരും. ഈ ഘട്ടത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കു സീറ്റില്ലെന്ന നിലപാട് പാര്‍ട്ടി സംസ്ഥാന നേതൃത്വം സ്വീകരിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലെ പൊഴുതന ഡിവിഷനില്‍ കെ.എല്‍.പൗലോസ് പരാജയപ്പെട്ടിരുന്നു. എല്‍.ഡി.എഫിനു മുന്‍തൂക്കമുള്ള ഡിവിഷനില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നിര്‍ദേശിച്ചതനുസരിച്ചാണ് പൗലോസ് മത്സരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കു നിയമസഭയിലേക്കു മത്സരിക്കുന്നതിനു അവസരം നല്‍കില്ലെന്ന പാര്‍ട്ടി നിലപാട് പൗലോസിന്റെ സാധ്യതകള്‍ക്കു വിലങ്ങുതടിയായി.
മുനിസിപ്പല്‍ ഡിവിഷനുകളിലും ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും മത്സരിക്കുന്നതു ഓരോ പാര്‍ട്ടിയിലെയും പ്രദേശിക നേതാക്കളാണ്. ഇവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെട്ടു രംഗത്തിറങ്ങാനുള്ള സാധ്യത നന്നേ കുറവാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുകൈ നോക്കണമെന്ന ആഗ്രഹം വിവിധ പാര്‍ട്ടി പ്രതിനിധികളില്‍ ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ചു ജയിച്ചവരില്‍ ചിലര്‍ക്കു ഉണ്ടായേക്കാം. എന്നാല്‍ തോറ്റവരില്‍ നിയമസഭയിലേക്കു മത്സരിക്കാന്‍ യോഗ്യതയും താത്പര്യവും ഉള്ളവര്‍ സംസ്ഥാനത്തു വിരളമാണ്. ഈ സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കു നിയമസഭയിലേക്കു മത്സരിക്കുന്നതിനു അവസരം നിഷേധിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഗൂഢാലോചനയുടെ ഭാഗമാണെന്നു കരുതുന്നവര്‍ പാര്‍ട്ടി ജില്ലാ ഘടകത്തില്‍ കുറവല്ല. പാര്‍ട്ടി നേതൃത്വം തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവും ഇക്കൂട്ടര്‍ ഉന്നയിക്കുന്നുണ്ട്. ഡി.സി.സി മുന്‍ പ്രസിഡന്റാണ് കെ.എല്‍.പൗലോസ്. രണ്ടു തവണ ജില്ലാ പഞ്ചായത്ത് അധ്യക്ഷനുമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ സിറ്റിംഗ് ഡിവിഷനില്‍ പൗലോസ് മത്സരിച്ചുതോറ്റതു നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നതിനു അയോഗ്യതയായി കാണരുതെന്ന അഭിപ്രായമാണ് ജില്ലയിലെ ഐ വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പലര്‍ക്കും.

തെരഞ്ഞെടുപ്പ് ഒരുക്കത്തിനിടെ കോണ്‍ഗ്രസ് പുല്‍പള്ളി ഘടകത്തില്‍ കലാപം
പുല്‍പള്ളി-നിയമസഭാ തെരഞ്ഞെടുപ്പു ഒരുക്കത്തിനിടെ കോണ്‍ഗ്രസ് പ്രദേശിക ഘടകത്തില്‍ കലാപം. മണ്ഡലം പ്രസിഡന്റ് വി.എം.പൗലോസിനെ ചുമതലയില്‍നിന്നു നീക്കാന്‍ ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ തയാറാകണമെന്നു ആവശ്യപ്പെട്ടു രംഗത്തുവന്നിരിക്കയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. ബാലകൃഷ്ണന്‍ തുടര്‍ച്ചയായ മൂന്നാം തവണ ബത്തേരി മണ്ഡലത്തില്‍ മത്സരിക്കാനിരിക്കെയാണ് കോണ്‍ഗ്രസിനു ആഴത്തില്‍ വേരോട്ടമുള്ള പുല്‍പള്ളിയിലെ പുത്തന്‍ പ്രശ്‌നം.
ദീര്‍ഘകാലം പാര്‍ട്ടി മണ്ഡലം പ്രസിഡന്റായിരുന്നു വി.എം.പൗലോസ്. വര്‍ഷങ്ങള്‍ മുമ്പ് ഇദ്ദേഹത്തെ മാറ്റി ടി.എസ്.ദിലീപ്കുമാറിനെ പ്രസിഡന്റാക്കി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ദിലീപ്കുമാര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയിലേക്കു മത്സരിക്കുന്ന ഘട്ടത്തില്‍ വി.എം.പൗലോസിനു ഡി.സി.സി പ്രസിഡന്റ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കി. ഡിസംബര്‍ മുതല്‍ പൗലോസ് പ്രസിഡന്റ് പദവിയിലിരിക്കെയാണ് അദ്ദേഹത്തെ ഒഴിവാക്കണമെന്ന ആവശ്യം.
ഡി.സി.സി സെക്രട്ടറി എന്‍.യു.ഉലഹന്നാന്‍, നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ദിലീപ്കുമാര്‍, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളായ സണ്ണി തോമസ്, കെ.എല്‍.ജോണി, റെജി പുളിങ്കുന്നേല്‍, വി.ജെ.കുര്യാച്ചന്‍, സി.പി. കുര്യാക്കോസ്, സി.പി.ജോയി, പി.ഡി.ജോണി, മണി ഇല്യമ്പത്ത്, വാസുദേവന്‍, ടി.പി.മര്‍ക്കോസ്, ശോഭന സുകു, ജോളി നരിതുക്കില്‍, ശ്രീദേവി മുല്ലക്കല്‍, രാജു തോണിക്കടവ്, രജിത്ര തുടങ്ങിയവര്‍ പങ്കെടുത്ത യോഗമാണ് വി.എം.പൗലോസിനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഡി.സി.സി പ്രസിഡന്റ് ഇതിനു തയാറായില്ലെങ്കില്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടുനില്‍ക്കുമെന്നു മുന്നറിയിപ്പും നല്‍കി.
പാര്‍ട്ടി പ്രദേശിക ഘടകത്തിലെ ഐ ഗ്രൂപ്പിലുള്ള ചേരിപ്പോരാണ് പ്രശ്‌നത്തിനു പിന്നലെന്നാണ് അറിയുന്നത്. ഐ ഗ്രൂപ്പിലെ കെ.കെ.അബ്രഹാം ചേരിയിലുള്ള നേതാവാണ് വി.എം.പൗലോസ്. കെ.പി.സി.സി മെംബര്‍ കെ.എല്‍.പൗലോസിന്റെ ചേരിയിലുള്ളവരാണ് ഇന്നലെ യോഗം ചേര്‍ന്നു മണ്ഡലം പ്രസിഡന്റിനെ നീക്കണമെന്നു ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *