ഓവലിൽ ഇന്ത്യൻ ചരിത്രം; കണക്കുതീര്‍ത്ത് കോഹ്ലിപ്പട
ചരിത്രം തിരുത്തി കോഹ്ലിപ്പട മുന്നേറുകയാണ്. ലീഡ്‌സിലെ നാണംകെട്ട തോൽവിക്ക് ഇന്ത്യ ഓവലിൽ ശരിക്കും കണക്കു തീർത്തു; അതും അരനൂറ്റാണ്ടിന്റെ ചരിത്രം തിരുത്തിക്കൊണ്ട്. നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 157 റൺസിന്റെ കൂറ്റൻ ജയം. ഇതോടെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.
1971ൽ അജിത് വഡേക്കറും സംഘവും നേടിയ വിജയത്തിനുശേഷം ഓവലിൽ ഒരു ജയം എന്ന സ്വപ്‌നം ഇന്ത്യയ്ക്കു മുൻപിൽ അകന്നുനിൽക്കുകയായിരുന്നു. അതാണ് ഇപ്പോൾ നായകൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ രോഹിത് ശർമയും ഷർദുൽ താക്കൂറും ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയുമെല്ലാം ചേർന്ന് തിരുത്തിക്കുറിച്ചിരിക്കുന്നത്. രണ്ടാം ഇന്നിങ്‌സിലെ വിസ്മയകരമായ തിരിച്ചുവരവിലൂടെ ഇന്ത്യ ഉയർത്തിയ 368 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് നിര 210 റൺസിന് കൂടാരം കയറി. ഓവലിലെ രണ്ടാം വിജയമാണ് കോഹ്ലിപ്പട നേടിയത്.