രാഷ്ട്രീയ മര്യാദയ്ക്ക് ചേരാത്ത നടപടി; വി.ഡി.സതീശന് റിയാസിന്റെ മറുപടി
അങ്കമാലിയില്‍ റോഡിലെ കുഴിയില്‍പ്പെട്ട് തെറിച്ചുവീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ മറുപടി. പ്രതിപക്ഷ നേതാവിന്റേത് വിചിത്ര വാദമാണ്. പ്രതിപക്ഷ നേതാവ് പൊതുമരാമത്ത് വകുപ്പിനെ കുറ്റപ്പെടുത്തുന്നു. പൊതുമരാമത്ത് വകുപ്പിനെതിരെ അറിയാതെ പറഞ്ഞതാണെങ്കില്‍ അദ്ദേഹം തിരുത്തണമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
രാഷ്ട്രീയ മര്യാദയ്ക്ക് ചേരാത്ത നടപടിയാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഒരാളുടെ മരണത്തെ പോലും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്. കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ക്ക് വേണ്ടി വക്കാലത്ത് എടുക്കുകയാണ് വി.ഡി.സതീശനെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
പിഡബ്ല്യുഡി ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തനം നടത്തേണ്ടത് എന്നത് വിചിത്ര വാദമാണ്. എന്തിനാണ് പ്രതിപക്ഷ നേതാവ് ദേശീയ പാത അതോറിറ്റിയെ സംരക്ഷിക്കുന്നത്. ആലപ്പുഴയിലെ ദേശീയപാതയില്‍ ഉണ്ടായ മരണത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ച നിലപാട് ഇങ്ങനെ ആയിരുന്നില്ല. അന്ന് പ്രതിപക്ഷവും സര്‍ക്കാരും ഒന്നിച്ചു നിന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ദേശീയപാത അതോറിറ്റിയുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ വിശദീകരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദേശീയ പാതകളില്‍ മാത്രമല്ല കുഴികളുള്ളതെന്നായിരുന്നു സതീശന്റെ പരാമര്‍ശനം. നിയമസഭയില്‍ ദേശീയപാതയിലേയും പിഡബ്ല്യുഡി റോഡുകളിലേയും കുഴികളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞപ്പോല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പരിഹസിക്കുകയായിരുന്നു. നിരുത്തരവാദപരമായ സമീപനമാണ് സര്‍ക്കാരിന്റേതെന്നും സതീശന്‍ പറഞ്ഞു.
കേരളത്തിലെ റോഡുകളില്‍ കുഴികള്‍ നിറഞ്ഞ് അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ ടോള്‍ പിരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. യാത്ര ചെയ്യാന്‍ പ്രത്യേകമായി സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് യാത്രക്കാര്‍ ടോള്‍ നല്‍കുന്നത്. മുഴുവന്‍ കുഴികള്‍ നിറഞ്ഞ സംസ്ഥാനത്ത് റോഡുകളൊന്നും നന്നാക്കാതെ ഇനി ടോള്‍ പിരിക്കാന്‍ പാടില്ലെന്നും ഇക്കാര്യം തൃശൂര്‍ എറണാകുളം കളക്ടര്‍മാരോട് ആവശ്യപ്പെടുമെന്നും സതീശന്‍ പറഞ്ഞു.
‘അങ്കമാലിയിലെ അപകടമരണം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ഇതൊരു വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ്. കുഴി അടയ്ക്കുന്നതും റോഡ് നന്നാക്കുന്നതും മഴക്കാലത്തിന് മുമ്പേ ചെയ്യേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അത് ഇപ്രാവശ്യം ചെയ്തില്ല. അതുകൊണ്ടാണ് ഇക്കാര്യം നിയമസഭയില്‍ അടിയന്തര പ്രമേയമായി കൊണ്ടുവന്നത്. എന്നിട്ടും നടപടിയെടുത്തില്ല. മുമ്പ് കുഴിയടയ്ക്കാനുള്ള ക്രമീകരണം സര്‍ക്കാര്‍ നേരിട്ടു ചെയ്യുമായിരുന്നു. ഇപ്പോള്‍ കരാറുകാരനാണ് അത് ചെയ്യേണ്ടത്. അങ്ങനെ വന്നപ്പോഴുണ്ടായ ഭരണപരമായ വീഴ്ചയും നിരുത്തരവാദപരമായ സമീപനവുമാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. കേരളം മുഴുവന്‍ കുഴികളാണ്. ഇപ്പോള്‍ ഒരാളുടെ ജീവന്‍ പൊലിഞ്ഞു. നിരവധി ആളുകളാണ് അപകടത്തില്‍പ്പെടുന്നത്. ഇതിലൊന്നും യാതൊരു ഉത്തരവാദിത്തവുമില്ലാത്ത രീതിയിലാണ് സര്‍ക്കാരിന്റെ പ്രതികരണമെന്നും സതീശന്‍ കുറ്റപ്പെടുത്തി.