Saturday, January 4, 2025
Kerala

മന്ത്രിയുടെ വീട്ടിലുള്ളയാൾ നടത്തിയ വാർത്താ സമ്മേളനത്തിന്റെയത്ര കുഴി ദേശീയ പാതയിലില്ല’: വി. മുരളീധരൻ

ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിലെ പിഡബ്ല്യുഡി റോഡുകളിലെ കുഴി എണ്ണിയതിന് ശേഷം ദേശീയ പാതയിലേക്ക് പോയാൽ പോരെയെന്ന് വി മുരളീധരൻ ചോദിച്ചു. കഴിഞ്ഞ ദിവസം കേരളത്തിലെ റോഡുകൾ പശ തേച്ചാണോ ഉണ്ടാക്കിയതെന്ന് ഹൈക്കോടതി ചോദിച്ചത് ഇതേ മന്ത്രിയോടാണ്. കോടതിയിൽ നിന്നും വിമർശനമേറ്റതിന്റെ ജാള്യത മാറ്റാൻ കേന്ദ്രത്തെ മുഹമ്മദ് റിയാസ് പഴിക്കുന്നു

മന്ത്രിയുടെ വീട്ടിലുള്ളയാൾ നടത്തിയ വാർത്താ സമ്മേളനത്തിന്റെയത്ര കുഴി ദേശീയ പാതയിലില്ല. മന്ത്രി ഇടയ്‌ക്കൊക്കെ പിഡബ്ല്യുഡി റോഡുകൾ വഴി യാത്ര ചെയ്യണം. അങ്ങനെ ചെയ്താൽ തിരുവനന്തപുരത്തും കൊച്ചിയിലുമുളള പിഡബ്ല്യുഡി റോഡുകളുടെ സ്ഥിതി എന്താണെന്ന് അറിയാം. സാധാരണക്കാർ ഏത് സാഹചര്യത്തിലൂടെയാണ് പിഡബ്ല്യുഡി റോഡുകളിലൂടെ സഞ്ചരിക്കുന്നതെന്ന് മന്ത്രിക്ക് അപ്പോൾ മനസിലാകും. ദേശീയപാതയിൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അത് ഞങ്ങൾ പരിഹരിക്കും. അതിന് സ്വന്തം കഴിവുകേട് മറച്ചുവെയ്‌ക്കാൻ കേന്ദ്രസർക്കാരിനെ പഴിചാരി രക്ഷപെടാമെന്ന് വിചാരിക്കരുതെന്നും വി. മുരളീധരൻ പറഞ്ഞു.

രാവിലെ നിയമസഭയിലാണ് ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് മുഹമ്മദ് റിയാസ് സംസാരിച്ചത്. കേരളത്തിൽ ജനിച്ചുവളർന്ന് മറ്റൊരു സംസ്ഥാനത്ത് നിന്ന് രാജ്യസഭാംഗമായ ഒരു കേന്ദ്രമന്ത്രിയുണ്ട്. അദ്ദേഹം നടത്തുന്ന വാർത്താസമ്മേളനങ്ങളെക്കാൾ കുഴി ദേശീയപാതയിൽ ഉണ്ട്. വിഷയം ശ്രദ്ധയിൽപെടുത്തിയിട്ടും അദ്ദേഹം പരിഹരിക്കാൻ ഇടപെട്ടിട്ടില്ലെന്ന് ആയിരുന്നു റിയാസിന്റെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *