‘സ്വവർഗരതി ഒരു രോഗം, നിയമവിധേയമാക്കിയാൽ ഭ്രാന്ത് വർദ്ധിക്കും’; ആർഎസ്എസ് സർവേ
സ്വവർഗരതി ഒരു രോഗമാണെന്ന് പഠനം. ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകിയാൽ ഈ ഭ്രാന്ത് വർദ്ധിക്കുമെന്നും കണ്ടെത്തൽ. ആർഎസ്‌എസിന്റെ വനിതാ വിഭാഗത്തിന്റെ അനുബന്ധ സംഘടനയായ ‘സംവർധിനി ന്യാസ്’ നടത്തിയ സർവേയിലാണ് ഇക്കാര്യം അവകാശപ്പെട്ടത്.
ആധുനിക ശാസ്ത്രം മുതൽ ആയുർവേദം വരെയുള്ള എട്ട് വ്യത്യസ്ത ചികിത്സാരീതികളിൽ നിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെ, രാജ്യത്തുടനീളം ശേഖരിച്ച 318 പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് സർവേയുടെ കണ്ടെത്തലുകളെന്ന്, രാഷ്ട്രീയ സ്വയംസേവക സംഘത്തിന് സമാന്തരമായ വനിതാ സംഘടനയായ രാഷ്ട്ര സേവിക സമിതിയുടെ മുതിർന്ന പ്രവർത്തക പറഞ്ഞു.
70% ഡോക്ടർമാരും വിദഗ്ധരും സ്വവർഗരതി ഒരു വൈകല്യമാണെന്ന് വിശ്വസിക്കുന്നു. ഇത്തരം മാനസിക വൈകല്യമുള്ള രോഗികളെ സുഖപ്പെടുത്താൻ കൗൺസിലിംഗ് മികച്ച ഓപ്ഷനാണെന്ന് സർവേ പറയുന്നു. അതേസമയം 83% പേർ പറയുന്നത് ലൈംഗികമായി പകരുന്ന രോഗങ്ങൾ സ്വവർഗ ബന്ധങ്ങളിൽ പരസ്പരം പകരാമെന്നാണ്. സ്വവർഗാനുരാഗികളായ രക്ഷിതാക്കൾക്ക് മക്കളെ ശരിയായ രീതിയിൽ വളർത്താൻ കഴിയില്ലെന്നാണ് 67 ശതമാനത്തിലധികം ഡോക്ടർമാരുടെയും അഭിപ്രായം.
സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം തേടണമെന്ന് സർവേ ശുപാർശ ചെയ്യുന്നു. ഇത്തരം വിവാഹങ്ങൾ നിയമവിധേയമാക്കുന്നത് രോഗികളെ സുഖപ്പെടുത്തി സാധാരണ നിലയിലേക്ക് കൊണ്ടുവരില്ല. മറിച്ച് സമൂഹത്തിൽ ഈ ഭ്രാന്ത് കൂടുതൽ വേഗത്തിൽ വളരുന്നതിന് കാരണമാകുമെന്നും സംവർധിനി ന്യാസിന്റെ സർവേയിൽ പറയുന്നു.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവർഗ വിവാഹത്തിന് നിയമപരമായ അനുമതി തേടിയുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് സമവർധിനി ന്യാസ് നടത്തിയ സർവേ. സർവേയിൽ പ്രതികരിച്ച 57 ശതമാനത്തിലധികം ഡോക്ടർമാരും വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടലിനെ എതിർത്തതായി ട്രസ്റ്റിന്റെ മുതിർന്ന പ്രവർത്തക പറഞ്ഞു.