Thursday, April 17, 2025
Kerala

അനില്‍ ആന്റണിയുടെ ബിജെപി പ്രവേശം കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ല; രമേശ് ചെന്നിത്തല

അനില്‍ ആന്റണിയുടെ ബിജെപി പ്രവേശം കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ബിജെപിക്ക് വേരോട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നുള്ള തെറ്റായ ധാരണ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാണുള്ളത്. ത്രിപുര കഴിഞ്ഞാല്‍ ഇനി കേരളമാണെന്ന് പറയുന്ന അദ്ദേഹം ഏത് ലോകത്താണെന്ന് അറിയില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

കേരളത്തെ പറ്റിയോ കേരളത്തിലെ ജനങ്ങളെ പറ്റിയോ അറിയാത്തതുകൊണ്ടാണ് പ്രധാനമന്ത്രി, കേരളത്തില്‍ബിജെപി അക്കൗണ്ട് തുറക്കുമെന്നൊക്കെ പറയുന്നത്. കേരളത്തില്‍ ബിജെപിക്ക് വേരോട്ടം ഉണ്ടാകില്ല. കേരളത്തിലെ ജനങ്ങള്‍ മതേതര, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. അനില്‍ ആന്റണി എടുത്ത തീരുമാനം തെറ്റാണെന്നും അബദ്ധമാണെന്നും കാലം തെളിയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

‘അനില്‍ പോയെന്നൊന്നും കരുതി കേരളത്തിലെ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താമെന്ന് ബിജെപി കരുതണ്ട. കോണ്‍ഗ്രസ് പ്രവര്‍ത്തകന്മാര്‍ ഒരു മനസ്സോടുകൂടി മുന്നോട്ടു പോകും. ബിജെപിക്കും ആര്‍എസ്എസിനും എതിരായ പോരാട്ടം കോണ്‍ഗ്രസ് ശക്തിപ്പെടുത്തും. ഈ പോരാട്ടങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധി. ആ രാഹുലിനെ ദുര്‍ബലപ്പെടുത്താനുള്ള കെണിയിലാണ് അനില്‍ വീണിരിക്കുന്നത്.ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹത്തിന് അത് മനസിലാകും.

അനില്‍ ആന്റണിയുടെ ബിജെപി പ്രവേശം എ.കെ ആന്റണിയെ ഒരുതരത്തിലും ബാധിക്കില്ല. ഇന്ത്യയിലെയും കേരളത്തിലെയും ജനങ്ങള്‍ക്ക് പതിറ്റാണ്ടുകളായി അദ്ദേഹത്തെ അറിയാം. വ്യക്തിപരമായി ഓരോരുത്തര്‍ക്കും ഓരോ തീരുമാനമെടുക്കാനുള്ള സാഹചര്യമുണ്ട്. 38വയസ്സുള്ള മകനൊരു തീരുമാനമെടുക്കുന്നതിന് എ കെ ആന്റണിയെ എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും. കേരളത്തിലെ ജനങ്ങള്‍ക്ക് എന്നും അഭിമാനിക്കാന്‍ കഴിയുന്ന നേതാവാണ് ആന്റണിയെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് ഒരു മങ്ങലും ഏല്‍ക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *