‘പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ സജി ചെറിയാനെതിരെ എന്ത് തെളിവുകിട്ടാനാണ്?’ രമേശ് ചെന്നിത്തല
സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ എങ്ങനെയാണ് സജി ചെറിയാനെതിരെ തെളിവ് കിട്ടുകയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സജി ചെറിയാന്‍ വിഷയത്തില്‍ തന്റെ മുന്‍നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ആന്റണിയുടെ പ്രസ്താവനയെച്ചൊല്ലിയുണ്ടായ വിവാദത്തിലും രമേശ് ചെന്നിത്തല പ്രതികരണമറിയിച്ചു. എ കെ ആന്റണി പറഞ്ഞത് ശരിയായ കാര്യമാണ്. ഭൂരിപക്ഷത്തേയും ന്യൂനപക്ഷത്തേയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സിപിഐഎമ്മാണ് വര്‍ഗീയതയെ അനുകൂലമാക്കി നിര്‍ത്തുന്നത്. മൃദു ഹിന്ദുത്വ സമീപനം എന്നൊരു സമീപനം ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പി ജയരാജന്‍ ഉന്നയിച്ച ആരോപണം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും രമേശ് ചെന്നിത്തല ഉന്നയിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് നടന്ന അഴിമതികളുടെ അറ്റം മാത്രമാണ് പി ജയരാജന്‍ ഉന്നയിച്ചത്. പാര്‍ട്ടിയെ വെള്ളപൂശനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ കൃത്യമായി അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
താന്‍ ഡല്‍ഹിയില്‍ ആയിരുന്നതിനാലാണ് യുഡിഎഫ് നേതൃയോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ വിവരം അറിയിച്ചിരുന്നു. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.