അനിൽ ആന്റണിയുടെ രാഷ്ട്രീയ മാറ്റം ജനാധിപത്യ ഇന്ത്യയ്ക്ക് അപമാനകരം; എം വി ഗോവിന്ദൻ
അനിൽ ആന്റണിയുടെ രാഷ്ട്രീയ മാറ്റം ജനാധിപത്യ ഇന്ത്യയ്ക്ക് അപമാനകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസുകാരുടെ ചുവടുമാറ്റം ജനാധിപത്യ സംവിധാനത്തിന് തെറ്റായ സന്ദേശം നൽകുന്നു. വേണമെങ്കിൽ ബിജെപിയിൽ പോകുമെന്ന് പറഞ്ഞയാളാണ് കെപിസിസി പ്രസിഡന്റ് എന്നും അദ്ദേഹം മാധ്യമംഗോൾഡ് വ്യക്തമാക്കി.
കോൺഗ്രെസ്സുകാർക്ക് ബിജെപിയിലേക്ക് ചേക്കേറാൻ അതിർവരമ്പുകൾ ഇല്ലെന്ന് അദ്ദേഹം ആരോപിച്ചു. മുദു ഹിന്ദുത്വ സമീപന നിലപാടാണ് കോൺഗ്രസിനുള്ളത്. വർഗീയ ധ്രുവീകരണത്തിന് മറയിടാനായാണ് ന്യൂനപക്ഷ നേതാക്കളെ ലക്ഷ്യം വെച്ച് ബിജെപി പാളയത്തിലേക്കെത്തിക്കുന്നത്. ഇത് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ആന്റണി നിസഹായനായെന്നത് കോൺഗ്രസിൻ്റെ നിസഹായതയ്ക്ക് തുല്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയിൽ ചേരാനുള്ള അനിൽ ആന്റണിയുടെ തീരുമാനം വളരെ അധികം വേദനിപ്പിച്ചെന്ന് പിതാവ് എ കെ ആന്റണി പറഞ്ഞു. തികച്ചും തെറ്റായ തീരുമാനമാണ് അനിൽ എടുത്തത്. ഇന്ത്യയുടെ ഐക്യവും ആണിക്കല്ലും ബഹുസ്വരതയും മതേതരത്വവുമാണ്. എന്നാൽ മോദി സർക്കാർ അധികാരമേറ്റതിന് ശേഷം നമ്മുടെ രാജ്യത്തിന്റെ നയങ്ങളെ ആസൂത്രിതമായി ഇല്ലാതാക്കിയെന്നും എകെ ആന്റണി കുറ്റപ്പെടുത്തി.
ഇന്ത്യയിലെ കോൺഗ്രസിനെയും അതിലുപരി കേരള ഘടകത്തെയും പ്രതിരോധത്തിലാക്കുന്ന നീക്കമാണ് ഇന്ന് ബിജെപി നടത്തിയത്. കോൺഗ്രസ് സർക്കാരിൽ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം വഹിച്ച മുതിർന്ന നേതാവുകൂടിയായ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് എത്തിക്കുന്നതിൽ വിജയിക്കാൻ അവർക്കായി. കോൺഗ്രസിന്റെ ഡിജിറ്റൽ ടീമിൽ സ്ഥാനം വഹിച്ചിരുന്ന നേതാവ് കൂടിയായ അനിൽ ആന്റണിയുടെ പാർട്ടി പ്രവേശനം വിമർശകർക്ക് ഉള്ള മറുപടിയെന്നാണ് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ വ്യക്തമാക്കിയത്.