Friday, January 3, 2025
Kerala

അനില്‍ ആന്റണി ബിജെപിയുടെ കെണിയില്‍ വീണെന്ന് വി.ഡി സതീശന്‍; രാഷ്ട്രീയ ആത്മഹത്യയെന്ന് എം.എം ഹസ്സന്‍

അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത് കൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അനില്‍ ആന്റണി ബിജെപിയുടെ കെണിയില്‍ വീഴുകയായിരുന്നു. ഈ തീരുമാനത്തില്‍ അനില്‍ ആന്റണിക്ക് ദുഃഖിക്കേണ്ടി വരുമെന്നും അപകടം പിന്നാലെ ബോധ്യപ്പെടുമെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനോ പോക്ഷക സംഘടനകള്‍ക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങള്‍ അനില്‍ ആന്റണി ചെയ്തിട്ടില്ല. ഏല്‍പ്പിച്ച ചുമതല പോലും അനില്‍ കൃത്യമായി നിര്‍വഹിച്ചിരുന്നില്ല എന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. അനില്‍ ആന്റണി ബി.ജെ.പിയുടെ കെണിയില്‍ വീഴുകയായിരുന്നു. ബി.ജെ.പി ബാന്ധവത്തിന് കാരണമായി തീര്‍ത്തും വിചിത്രമായ കാര്യങ്ങളാണ് അനില്‍ ആന്റണി പറയുന്നത്. അതിന്റെ അപകടം പിന്നാലെ ബോധ്യപ്പെടും. തീര്‍ത്തും അപക്വമായ ഈ തീരുമാനത്തില്‍ അനില്‍ ആന്റണിക്ക് പിന്നീട് ദുഃഖിക്കേണ്ടി വരും.

എ.കെ.ആന്റണി എന്ന പിതാവിനോട് മകനെന്ന നിലയില്‍ അനില്‍ ആന്റണി കാണിച്ച നിന്ദയാണിതെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. മരണം വരെ കോണ്‍ഗ്രസുകാരനും സംഘപരിവാര്‍ വിരുദ്ധമായിരിക്കുമെന്ന് എ.കെ ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു എന്നതുകൊണ്ട് എ.കെ ആന്റണിയുടെ രാഷ്ട്രീയ സംശുദ്ധിക്കോ ആദര്‍ശ ധീരതയ്‌ക്കോ ഒരു കോട്ടവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത് രാഷ്ട്രീയ ആത്മഹത്യയായിപ്പോയെന്ന് കാലം തെളിയിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പ്രതികരിച്ചു. അനില്‍ കോണ്‍ഗ്രസ്സ് വിട്ടുപോയത് കേരളത്തില്‍ ഒരു ചലനവും സൃഷ്ടിക്കില്ല. ഒരു പുരുഷായുസ്സ് മുഴുവന്‍ സ്വന്തം ജീവിതം കോണ്‍ഗ്രസ്സിനു സമര്‍പ്പിച്ച, അടിയുറച്ച മതേതരവാദിയായ എ.കെ.ആന്റണിയുടെ യശസ്സിനെയും, പാരമ്പര്യത്തെയും അനിലിന്റെ ഈ തീരുമാനം അല്‍പം പോലും ബാധിക്കില്ലെന്നും എംഎം ഹസ്സന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *