ബൂത്തുകളില്‍ നീണ്ട നിര; ആദ്യ അര മണിക്കൂറില്‍ മൂന്നു ശതമാനം പോളിങ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ ആദ്യ അര മണിക്കൂറില്‍ തന്നെ മികച്ച പോളിങ്. മൂന്നു ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ചില സ്ഥലങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. കോഴിക്കോടും പയ്യന്നൂരിലും തിരുവനന്തപുരത്തും ഓരോ ബൂത്തുകളില്‍ പോളിങ് തടസ്സപ്പെട്ടു. പിണറായി സ്‌കൂളിലെ മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന ബൂത്തില്‍ വോട്ടിങ് യന്ത്രത്തകരാറ് അനുഭവപ്പെട്ടു. മലപ്പുറം പാണക്കാട് സികെഎംഎല്‍പി സ്‌കൂളില്‍ 97 എ ബൂത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി വോട്ട് ചെയ്തു.
പോളിങ് ദിനത്തില്‍ പതിവ് തെറ്റിക്കാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാവിലെ പുതുപ്പള്ളി പള്ളിയിലെത്തി പ്രാര്‍ത്ഥന നടത്തിയ ശേഷം വോട്ട് ചെയ്യാനെത്തി. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ കൈലിയാട് സ്‌കൂളിലെ ബൂത്തില്‍ തകരാറുണ്ടായി. തൃത്താലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് വോട്ട് ചെയ്യുന്ന ബൂത്താണിത്. മലപ്പുറം പാണക്കാട് സി കെ എം എല്‍ പി സ്‌കൂളില്‍ 97 നമ്പര്‍ ബൂത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വോട്ട് ചെയ്തു.
മുന്‍മന്ത്രിയും പിറവം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അനൂപ് ജേക്കബ് രാവിലെ 7നു തിരുമാറാടി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 139ാം നമ്പര്‍ ബൂത്തില്‍ കുടുംബസമേതം എത്തി. ആദ്യ വോട്ടറായാണ് അനൂപ് ജേക്കബ് വോട്ട് രേഖപ്പെടുത്തിയത്. മന്ത്രി ഇ പി ജയരാജന്‍ വോട്ടുചെയ്യാനായി കുടുംബ സമേതം അഴീക്കോട് നിയോജകമണ്ഡലത്തിലെ അരോളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിള്‍ വോട്ട് ചെയ്തു. തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് സ്‌കൂളില്‍ വോട്ടു ചെയ്തു.
തൃശൂര്‍ ജില്ലയില്‍ 13 സീറ്റും എല്‍ഡിഎഫ് നേടുമെന്ന് എസി മൊയ്തീന്‍. വടക്കാഞ്ചേരിയില്‍ ഇടതു പക്ഷം ജയിക്കും. അനില്‍ അക്കര വിവാദം ഉണ്ടാക്കി ആണ് പ്രചാരണം നടത്തുന്നത്. ഈ ജല്‍പനങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നോര്‍ത്തിലെ 30 അബൂത്തില്‍ യന്ത്രത്തകരാറ്. വെസ്റ്റ് ഹില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ ബൂത്തിലാണ് തകരാറുണ്ടായത്.