Thursday, January 9, 2025
Kerala

നഷ്ടമായത് കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം; അനുശോചിച്ച് മുഖ്യമന്ത്രി

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി തങ്ങളുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യന്ത്രി പിണറായി വിജയൻ. മത സൗഹാർദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു തങ്ങളുടേതെന്ന് മുഖ്യന്ത്രി പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യത്തെയാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹൈദരലി തങ്ങൾ അന്തരിച്ചത്. മാസങ്ങളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോഗ്യനില തീർത്തും മോശമാകുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം.

മുഖ്യമന്ത്രിയുടെ കുറിപ്പ്

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷൻ എന്ന നിലയിലും സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും അദ്ദേഹം.

മതസൗഹാർദ്ദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധിച്ചിരുന്നു.

രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. മത നേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. ഇസ്ലാമിക പണ്ഡിതനായ തങ്ങൾ അനേകം മഹല്ലുകളുടെ ഖാസി എന്ന നിലയിലും ഏറെ ആദരവ് പിടിച്ചുപറ്റിയിരുന്നു.

ശ്രീ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെയും സഹപ്രവർത്തകരെയും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *