കസ്റ്റംസിന്റേത് പിൻവാതിൽ രാഷ്ട്രീയമോ; മേഖലാ ഓഫീസുകളിലേക്ക് എൽ ഡി എഫിന്റെ മാർച്ച് ഇന്ന്
സ്വപ്‌നയുടെ മൊഴിയെന്ന പേരിൽ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെയും സ്പീക്കറെയും ലക്ഷ്യമിട്ടതോടെ പ്രതിരോധം ശക്തമാക്കാനൊരുങ്ങി എൽ ഡി എഫ്. കസ്റ്റംസിന്റെ മേഖലാ ഓഫീസുകളിലേക്ക് എൽ ഡി എഫിന്റെ നേതൃത്വത്തിൽ ഇന്ന് മാർച്ച് നടത്തും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളിലേക്കാണ് മാർച്ച് നടത്തുന്നത്. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മൂന്ന് മന്ത്രിമാർക്കും നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് സത്യവാങ്മൂലം നൽകിയിരുന്നു. കസ്റ്റംസിന്റെത് രാഷ്ട്രീയനീക്കമാണെന്ന് എൽഡിഎഫ് ആരോപിക്കുന്നു.
ശക്തമായ പ്രതിഷേധം തന്നെ കസ്റ്റംസിനെതിരായി ഉയർന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ഏജൻസികൾ പിൻവാതിൽ രാഷ്ട്രീയം കളിച്ചാൽ മുന്നണി പ്രതിരോധം തീർക്കുമെന്ന സന്ദേശം ഇതുവഴി നൽകാനാണ് നേതൃത്വം ശ്രമിക്കുന്നത്.