Saturday, April 12, 2025
Kerala

ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരൻ; വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ: ശിക്ഷാവിധി മറ്റന്നാൾ

 

കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി. കൊല്ലം ജില്ല അഡീഷനൽ സെഷൻസ് കോടതിയാണ് സൂരജ് കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷാ വിധി മറ്റന്നാൾ പ്രഖ്യാപിക്കും. ഉത്ര ഉറങ്ങിക്കിടക്കുമ്പോൾ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.  ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.  പ്രതി സൂരജ് കോടതിയിൽ ഹാജരായിരുന്നു.  സൂരജിനെതിരെ ചുമത്തിയ കുറ്റം ജഡ്ജിവായിച്ചു കേൾപ്പിച്ചു. ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിന്റെ മറുപടി. ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിൽ എത്തിയിരുന്നു.

വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണ് ഇതെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. സമൂഹത്തിനു കൃത്യമായ സന്ദേശം നൽകുന്ന വിധിയുണ്ടാകണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ ഉത്രയുടേത് കൊലപതാകമല്ലെന്ന് പ്രതിഭാഗം പറഞ്ഞു. അപൂർവങ്ങളിൽ അപൂർവം എന്ന് പറയാനാവില്ലെന്നും പ്രതിഭാഗം പറഞ്ഞു.

അഞ്ചൽ ഏറം ‘വിഷു’വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്ര(25)യ്ക്ക് 2020 മേയ് ആറിനു രാത്രിയാണ് പാമ്പുകടിയേറ്റത്. ഏഴിനു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന പരാതിയുമായി ഉത്രയുടെ മാതാപിതാക്കൾ കൊല്ലം റൂറൽ എസ്പി ഹരിശങ്കറിനെ കണ്ടതോടെയാണ്, ലോക്കൽ പൊലീസ് എഴുതിത്തള്ളിയ കേസിനു വഴിത്തിരിവ് ഉണ്ടായത്. തുടർന്ന് ജില്ലാ ക്രൈം ബ്രാഞ്ചിനു കേസ് കൈമാറി.

ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തോടെ ഉള്ളതായിരുന്നു അന്വേഷണം. ഉത്രയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധനാഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ അന്വേഷണത്തിന്റെ ഭാഗമായി നടത്തി. സ്വത്തിന് വേണ്ടി സ്വന്തം ഭാര്യയെ ഭര്‍ത്താവ് മുര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാൻ പൊലീസിനു കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *