Monday, January 6, 2025
Kerala

വിഴിഞ്ഞത്ത് നിന്നും കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ ക്ലീറ്റസ്, ചാർലി എന്നിവരെ കന്യാകുമാരിയിൽ നിന്നാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരത്തോടെ വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൽ നിന്നും പോയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നു.

പൂന്തുറ സ്വദേശിയായ ജെയ്സൻ്റെ വള്ളത്തിലാണ് നാലു പേരടങ്ങിയ സംഘം മത്സ്യബന്ധനടത്തിനായി പുറപ്പെട്ടത്. ക്ലീറ്റസ്, ചാർളി, ബർക്കുമാൻസ്, രാജേഷ് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. ഉൾക്കടലിൽ എത്തിയ ഇവർ മത്സ്യബന്ധനം നടത്തി പുലർച്ചെ അഞ്ച് മണിക്ക് തിരികെ വരാൻ ശ്രമിക്കവേ രണ്ട് എഞ്ചിനും പ്രവർത്തനരഹിതമാവുകയായിരുന്നു. തുടർന്ന് അടുത്തു കണ്ട മറ്റൊരു വള്ളക്കാരോട് സഹായം അഭ്യർത്ഥിക്കുകയും അവർ രണ്ട് പേരെ കരയ്‌ക്കെത്തിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.

ഇവർ കരയ്‌ക്കെത്തിയ ഉടൻ ബാക്കിയുള്ളവരേയും വള്ളത്തേയും കൊണ്ട് പോകാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കി ഉടനെ തിരിച്ചു വരാം എന്ന ധാരണയിലാണ് കാണാതായ രണ്ട് പേർ ആ വള്ളത്തിൽ തന്നെ തുടർന്നത്. കരയ്‌ക്കെത്തിയവർ പ്രവർത്തിക്കുന്ന എഞ്ചിനുമായി ഇവരെ തേടി പോയെങ്കിലും ജിപിഎസിൽ മാർക്ക് ചെയ്ത സ്ഥലത്ത് ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല തുടർന്ന് ചുറ്റുപാടും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *