‘ആര് ആരെയാണ് സംരക്ഷിക്കുന്നത്?’: ഹരീഷ് സാൽവെയുടെ വിവാഹത്തിൽ ലളിത് മോദിയുടെ സാന്നിധ്യം വിവാദത്തിൽ
ഞായറാഴ്ചയാണ് ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകനുമായ ഹരീഷ് സാൽവെ മൂന്നാമതും വിവാഹിതനായത്. ലണ്ടനിൽ വച്ചായിരുന്നു 68 കാരനായ സാൽവെയും ബ്രിട്ടീഷ് യുവതി ട്രീനയും തമ്മിലുള്ള വിവാഹം. മുകേഷ് അംബാനി ഭാര്യ നിത അംബാനി, ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തൽ, മോഡൽ ഉജ്ജ്വല റാവത്ത് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ ബാങ്കുകളിൽ നിന്ന് കോടികൾ തട്ടി മുങ്ങിയ മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയും ചടങ്ങിനെത്തി. ലളിത് മോദിയുടെ സാന്നിധ്യം പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ ആശയത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ രൂപം നൽകിയ ഉന്നതതല സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം സാൽവെയും അംഗമാണ്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സമിതിയുടെ അധ്യക്ഷൻ. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച് തൊട്ടുപിറ്റേന്നാണ് സാൽവെയുടെ മൂന്നാം വിവാഹം. ഈ സാഹചര്യത്തിലാണ് സാൽവെയുടെ വിവാഹ ചടങ്ങിലെ ലളിത് മോദിയുടെ സാന്നിധ്യം ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരിക്കുന്നത്.
സർക്കാരി ബിജെപി അഭിഭാഷകൻ മൂന്നാമതും വിവാഹം കഴിക്കുന്നതും, നരേന്ദ്ര മോദിക്ക് വേണ്ടി ഏകീകൃത വിവാഹ നിയമങ്ങൾ, ബഹുഭാര്യാത്വം തുടങ്ങിയവയെ മെഴുക് പുരട്ടി അവതരിപ്പിക്കുന്നതും തൽക്കാലം കാര്യമാക്കുന്നില്ല. എന്നാൽ എല്ലാവരെയും ആശങ്കപ്പെടുത്തുന്നത് മോദി സർക്കാരിന്റെ പ്രിയപ്പെട്ട അഭിഭാഷകന്റെ വിവാഹം ആഘോഷിക്കാൻ ക്ഷണിതാവായി എത്തിയ ഇന്ത്യൻ നിയമത്തിൽ നിന്ന് ഒളിച്ചോടിയ ആളുടെ സാന്നിധ്യമാണ്. ആര് ആരെയാണ് സഹായിക്കുന്നത്? ഈ ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നും കേന്ദ്രത്തെ വിമർശിച്ചുകൊണ്ട് ശിവസേന എംപി പ്രിയങ്ക ചതുർവേദി പറഞ്ഞു.
സാൽവെയുടെ വിവാഹത്തിൽ ലളിത് മോദിയുടെ സാന്നിധ്യത്തെ മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിതേഷ് ഷായും വിമർശിച്ചു. നീരവ് മോദി, ലളിത് മോദി എന്നിവരെ കള്ളൻ എന്ന് വിളിച്ചതിന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി. ഹരീഷ് സാൽവെയാണ് കള്ളന്മാർക്ക് വേണ്ടി വാദിക്കാനെത്തിയത്. അടുത്തിടെ മോദി സർക്കാർ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന വിഷയത്തിൽ ഉന്നതതല സമിതി രൂപീകരിച്ചു. ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയ ലളിത് മോദിക്കൊപ്പം ആഘോഷിക്കുന്ന ഹരീഷ് സാൽവെയും ആ സമിതിയുടെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവം പ്രധാനമന്ത്രി മോദിയുടെ സൽപ്പേരിൽ കറുത്ത പാടാണെന്നാണ് ആം ആദ്മി പാർട്ടിയുടെ പ്രതികരണം. അതേസമയം സംഭവത്തിൽ പ്രതികരണവുമായി ഹരീഷ് സാൽവെ രംഗത്തെത്തി. എന്തൊരു അസംബന്ധമാണിത്, ലളിത് മോദി ഒളിച്ചോടിയ ആളല്ല. അദ്ദേഹത്തിനുവേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്ന അഭിഭാഷകനാണ് താൻ. അദ്ദേഹവുമായി നല്ല സൗഹൃദമുണ്ടെന്നും സാൽവെ ദ ടെലിഗ്രാഫിനോട് പറഞ്ഞു. എന്തായാലും പുതിയ വിവാദം ബിജെപിക്ക് വലിയ തലവേദനയാകാനാണ് സാധ്യത.