Saturday, October 19, 2024
Kerala

ബാലഭാസ്കറിന്റെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന: സിബിഐക്ക് കോടതിയുടെ അന്ത്യശാസനം

തിരുവനന്തപുരം: ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ ബാലഭാസ്ക്കറിന്റെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന എന്തുകൊണ്ട് നടത്തിയില്ലെന്ന് സി ബി ഐയോട് കോടതി ചോദിച്ചു. . വിഷയത്തിൽ ഈ മാസം 16 ന് വിശദീകരണം നൽകണമെന്ന് സി ബി ഐക്ക് കോടതി അന്ത്യശാസനം നൽകി. വിശദീകരണത്തിന് ഒരു മാസം സമയം വേണമെന്നായിരുന്നു സി ബി ഐ യുടെ ആവശ്യം. ഈ ആവശ്യം കോടതി തള്ളി. ബാലഭാസ്ക്കറിന്റേത് അപകട മരണമാണെന്നും അസ്വാഭാവികതയില്ലെന്നും സി ബി ഐ കോടതിയിൽ വാദിച്ചു. 

സ്വർണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേർന്ന് ബാലഭാസ്കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തിൽ സി ബി ഐയുടെ റിപ്പോർട്ട് തള്ളണമെന്നും ആവശ്യപ്പെട്ടാണ് അച്ഛൻ ഉണ്ണി തിരുവനന്തപുരം സി ജെ എം കോടതിയെ സമീപിച്ചത്. ബാലഭാസ്കർ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നിൽ അസ്വാഭാവികതയില്ലെന്നാണ് സി ബി ഐ കണ്ടെത്തൽ. വണ്ടിയോടിച്ചിരുന്ന അർജുനെ പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. അമിത വേഗതയിലും അശ്രദ്ധയോടെയും അർജുൻ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിബിഐ സംഘം കണ്ടെത്തി. സാക്ഷിയായി രംഗത്ത് വന്ന സോബിക്കെതിരെയും കേസെടുത്തു. തെറ്റായ വിവരങ്ങൾ നൽകിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് കേസ്. 

സി ബി ഐ 132 സാക്ഷി മൊഴികളും 100 രേഖകളും കോടതിയിൽ സമർപ്പിച്ചു. 2018 സെപ്തംബർ 25 നാണ് അപകടം നടന്നത്. അപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയെ രക്ഷിക്കാനായി. അർജുന് സാരമായി പരിക്കേറ്റിരുന്നില്ല. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് കുറ്റപത്രം നൽകിയത്. സി ബി ഐ, ഡി വൈ എസ്പി അനന്തകൃഷ്ണനാണ് കുറ്റപത്രം നൽകിയത്.

Leave a Reply

Your email address will not be published.