Saturday, January 4, 2025
World

വിവാഹേതര ബന്ധം മറച്ചുവെക്കാൻ പണം നൽകി; ഡോണൾഡ് ട്രംപ് അറസ്റ്റിൽ

ക്രിമിനൽ നടപടി നേരിടുന്ന മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കോടതിയിലെത്തി. കോടതി നടപടികൾക്ക് മുന്നോടിയായി ഡോണൾഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചു പോൺ താരത്തിനു പണം നൽകിയെന്നാണ് കേസ്.

ട്രംപ് അനുകൂലികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോടതി പരിസരത്തും ന്യൂയോർക്ക് സിറ്റിയിലെ ട്രംപ് ടവറിനു മുന്നിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. 36,000 പൊലീസുകാരെയാണ് സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചിരിക്കുന്നത്.

ക്രിമിനൽ കേസിൽ പ്രതിയാകുന്ന ആദ്യ മുൻ യുഎസ് പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്. 2016 ലെ യുഎസ് തിരഞ്ഞെടുപ്പു സമയത്ത്, ബന്ധം പുറത്തു പറയാതിരിക്കാനായി പോൺ താരം സ്റ്റോമി ഡാനിയൽസിനു പണം നൽകിയെന്നതാണ് കേസ്. 1.30 ലക്ഷം യുഎസ് ഡോളര്‍ നല്‍കിയത് ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്. 2006 ൽ താനും ട്രംപും ശാരീരികബന്ധത്തിൽ ഏർപ്പെട്ടെന്നു ഡാനിയൽസ് വെളിപ്പെടുത്തിയിരുന്നു.

സ്‌റ്റോമി ഡാനിയേല്‍സ് വിവാദം

2006 ലാണ് കേസിനാസ്പദമായ സംഭവം. സ്റ്റോമി ഡാനിയല്‍സ് എന്നറിയപ്പെടുന്ന സ്റ്റെഫാനി ക്ലിഫോര്‍ഡിന് അന്ന് പ്രായം 27 വയസ്. ‘ദ അപ്രന്റിസ് ‘ എന്ന പരിപാടിയില്‍ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞ് ട്രംപ് സ്റ്റെഫാനിയെ തന്റെ കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിതയാക്കി. തുടര്‍ന്ന് ഇടയ്ക്കിടെ ട്രംപ് സ്റ്റോമിയെ ഫോണിലൂടെ ‘ഹണിബഞ്ച്’ എന്ന് വിളിച്ച് ശല്യപ്പെടുത്തി തുടങ്ങി. ആദ്യമൊക്കെ മനസില്ലാ മനസോടെ സ്‌റ്റെഫാനി കോള്‍ എടുക്കുമായിരുന്നുവെങ്കില്‍ പിന്നീട് പതിയെ കോളുകള്‍ ഒഴിവാക്കി തുടങ്ങി. ട്രംപിന്റേത് വെറും കപട വാഗ്ദാനമായിരുന്നുവെന്ന് സ്റ്റോമി തിരിച്ചറിഞ്ഞിരുന്നു. മെലാനിയ ട്രംപുമായി വിവാഹം കഴിഞ്ഞ് വെറും ഒരു വര്‍ഷത്തിന് ശേഷമായിരുന്നു സ്റ്റോമിയുമായുള്ള ട്രംപിന്റെ ബന്ധം.

2011 താന്‍ നേരിട്ട ദുരനുഭവം ലോകത്തോട്് വിളിച്ചറിയിക്കാനായി ഒരു പബ്ലിക്കേഷനുമായി ധാരണയിലെത്തിയെങ്കിലും ട്രംപിന്റെ അറ്റോണിയായിരുന്ന മൈക്കിള്‍ കോഹന്റെ ഭീഷണി ഭയന്ന് പബ്ലിക്കേഷന്‍ പിന്മാറി. 2016 ലാണ് സ്റ്റോമി ഇക്കാര്യം പുറംലോകത്തെ അറിയിക്കുന്നത്. ‘ഇന്‍ ടച്ച് വീക്ക്‌ലി’ എന്ന മാസികയോടായിരുന്നു വെളിപ്പെടുത്തല്‍. ദ അപ്രന്റീസില്‍ സ്റ്റോമിക്ക് പകരം മറ്റൊരു പോണ്‍ സ്റ്റാര്‍ ജെന്ന ജേംസണെ പങ്കെടുപ്പിച്ചപ്പോള്‍ ട്രംപ് സ്‌റ്റോമിയെ വിളിച്ച് ക്ഷമാപണം നടത്തിയിരുന്ന കാര്യവും സ്റ്റോമി വെളിപ്പെടുത്തി. താനുമായി ബന്ധമുണ്ടായിരുന്ന വിവരം പുറത്ത് പറയാതിരിക്കാന്‍ ട്രംപിന്റെ അറ്റോണിയായിരുന്ന മൈക്കിള്‍ കോഹന്‍ 1,30,000 ഡോളര്‍ നല്‍കിയ വിവരവും സ്‌റ്റോമി വെളിപ്പെടുത്തി.

ഈ സമയത്ത് തന്നെ ഒരു ടി.വി ഷോയ്ക്കിടെ അതില്‍ പങ്കെടുക്കാനെത്തിയ നടിയെ കയറിപിടിച്ചത് വിശദീകരിക്കുന്ന ട്രംപിന്റെ വിഡിയോയും പുറത്ത് വന്നത് ട്രംപിന്റെ പ്രതിച്ഛായയ്ക്ക് ഇരട്ടി ആഘാതമായി.

2018 ല്‍ വാര്‍ത്ത മാധ്യമങ്ങള്‍ ഏറ്റെടുത്തു. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് തയാറായി ഇരിക്കുകയായിരുന്ന ട്രംപിന് ഇത് വലിയ തിരിച്ചടിയായി. ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റുപിടിച്ചു. കോഹനും കുറ്റം ഏറ്റ് പറഞ്ഞതോടെ ട്രംപ് പ്രതിരോധത്തിലായി. ഇപ്പോഴും തനിക്കെതിരായ ആരോപണങ്ങളെല്ലാം ട്രംപ് നിഷേധിക്കുകയാണെങ്കിലും തെളിവുകളെല്ലാം മുന്‍ പ്രസിഡന്റിന് എതിരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *