ഷിഹാബ് ചോറ്റൂരിന്റെ കാത്തിരിപ്പിന് വിരാമം; ഇനി പാകിസ്താനിലേക്ക് ; മുടങ്ങിയ ഹജ്ജ് യാത്ര തുടരുന്നു
കാൽനടയായി മക്കയിലേക്ക് ഹജ്ജ് ചെയ്യാനായി പോകുന്ന വളാഞ്ചേരി സ്വദേശി ഷിഹാബ് ചോറ്റൂറിന്റെ പ്രാർത്ഥനകൾ ഒടുവിൽ ഫലം കണ്ടു. പാകിസ്താനിലേക്കുള്ള പ്രവേശനത്തിനായുള്ള വീസയ്ക്ക് ഒടുവിൽ അനുമതിയായിരിക്കുകയാണ്. ഷിഹാബ് ചോറ്റൂർ തന്നെയാണ് ഇക്കാര്യം വ്‌ളോഗിലൂടെ പറഞ്ഞത്.
കഴിഞ്ഞ നാല് മാസവും 9 ദിവസവുമായി പഞ്ചാബിലെ അമൃത്സറിലെ ഖാസയിലെ ആഫിയ കിഡ്‌സ് സ്‌കൂളിലായിരുന്നു ഷിഹാബിന്റെ താമസം. ജൂൺ 2ന് യാത്ര തുടങ്ങിയ ഷിഹാബ് ചോറ്റൂർ ഫെബ്രുവരി 2 വരെയുള്ള എട്ട് മാസക്കാലം ഒരൊറ്റ പേപ്പറിന് വേണ്ടിയായിരുന്നു കാത്തിരുന്നത്. ഒടുവിൽ ആ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പാകിസ്താനിലൂടെ നടന്ന് പോകുക എന്നതെന്നും, ഒടുവിൽ ഹജ്ജ് എന്ന സ്വപ്‌നത്തിലേക്ക് വീസ ലഭിച്ചതോടെ താൻ നടന്നടുക്കുകയാണെന്നും ഷിഹാബ് പറഞ്ഞു.
3,200 കിലോമീറ്റർ ദൂരം ഇതിനോടകം ഷിഹാബ് പിന്നിട്ട് കഴിഞ്ഞു. യാത്രയുടെ 40 ശതമാനത്തോളം ഇതിനോടകം പിന്നിട്ട് കഴിഞ്ഞുവെന്നാണ് ഷിഹാബ് പറയുന്നത്.