കാൽനടയായി ഹജ്ജ്; ഷിഹാബ് ചോട്ടൂരിന് വീസ നിഷേധിച്ച് പാകിസ്താൻ
മലപ്പുറത്തുനിന്ന് കാൽനടയായി ഹജ്ജിനു പുറപ്പെട്ട ഷിഹാബ് ചോറ്റൂരിന് വീസ നിഷേധിച്ച് പാകിസ്താൻ. പാകിസ്താനിലേക്ക് പ്രവേശനാനുമതി തേടി സമർപ്പിച്ച അപേക്ഷയാണ് ലാഹോർ ഹൈക്കോടതി തള്ളിയത്. ഹജ്ജ് തീർത്ഥാടനത്തിനായി മക്കയിലേക്ക് കാൽനടയായി യാത്ര ചെയ്യുന്ന ഷിഹാബ് കഴിഞ്ഞ ഒരു മാസമായി വിസ ലഭിക്കാതെ വാഗാ അതിർത്തിയിൽ തുടരുകയാണ്.
ഷിഹാബിനു വേണ്ടി പാക് പൗരനായ സർവാർ താജ് ആണ് അപേക്ഷ സമർപ്പിച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ തീരുമാനത്തെ ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാൽ, ജസ്റ്റിസ് മുസാമിൽ അക്തർ ഷബീർ എന്നിവരടങ്ങുന്ന ലാഹോർ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് ഹർജി തള്ളിയത്.
ബാബ ഗുരുനാക്കിൻ്റെ ജന്മദിനത്തോടും മറ്റും അനുബന്ധിച്ച് ഇന്ത്യൻ സിഖുകാർക്ക് പാകിസ്താൻ വീസ നൽകാറുണ്ട്. ഇത്തരത്തിൽ ഷിഹാബിനും വീസ നൽകണമെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. വാഗാ അതിർത്തി വഴി പാകിസ്താനിലേക്ക് കടക്കാൻ അനുവദിച്ചാൽ അദ്ദേഹത്തിനു ലക്ഷ്യത്തിലെത്താമെന്നും സർവാർ താജ് ഹർജിയിൽ സൂചിപ്പിച്ചു. എന്നാൽ, ഹർജിക്കാരന് ഇന്ത്യൻ പൗരനുമായി ബന്ധമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ സമീപിക്കാനുള്ള പവർ ഓഫ് അറ്റോർണിയും ഹർജിക്കാരൻ്റെ കൈവശമില്ല. ശിഹാബിന്റെ പൂർണ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് സമർപ്പിക്കാൻ ഹർജിക്കാരനു സാധിച്ചില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ വർഷം ജൂൺ രണ്ടിനാണ് മലപ്പുറം വളാഞ്ചേരി, ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ തറവാട്ടിൽ നിന്ന് ഷിഹാബ് ചോറ്റൂർ യാത്ര ആരംഭിച്ചത്.