ഇന്ത്യയിൽ നിന്നുള്ള എല്ലാ ഹജ്ജ് തീർത്ഥാടകർക്കും ഇക്കുറി മെട്രോ ട്രെയിനിൽ യാത്ര ചെയ്യാം
ഇന്ത്യയിൽ നിന്നുള്ള എല്ലാ ഹജ്ജ് തീർത്ഥാടകർക്കും മഷാഇർ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാൻ അനുമതി നൽകി ഹജ്ജ് മന്ത്രാലയം. ഇതിന് മുമ്പ് ഹാജിമാരില്‍ അധികവും ഹജ്ജ് ചടങ്ങുകൾ നടക്കുന്ന പുണ്യസ്ഥലങ്ങളിലേക്ക് ബസുകളിലായിരുന്നു പോയിരുന്നത്.
മുസ്ദലിഫ, ജംറ, അറഫ, മിന എന്നിവിടങ്ങളിലാണ് ഹജ്ജ് ചടങ്ങുകൾ നടക്കുന്നത്. ഹജ്ജ് ദിനങ്ങളിൽ ഹാജിമാർക്ക് ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണം. മെട്രോ സൗകര്യം ലഭിക്കുന്നതോടെ ഈ യാത്ര കൂടുതല്‍ എളുപ്പമാവും. ഇതാദ്യമായാണ് ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ എല്ലാ തീർത്ഥാടകർക്കും മെട്രോയില്‍ യാത്രാചെയ്യാനുള്ള സൗകര്യം ലഭ്യമാകുന്നത്.
ഹജ്ജുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുന്ന ഏഴ് ദിവസവും ഹാജിമാർക്ക് ചടങ്ങുകൾ നടക്കുന്ന പുണ്യസ്ഥലങ്ങൾക്കിടയിൽ മെട്രോ ട്രെയിൻ ടിക്കറ്റ് ഉപയോഗിച്ച് യാത്ര നടത്താമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹജ്ജ് സർവിസ് കമ്പനികള്‍ തന്നെയാണ് ഹജ്ജ് ദിവസങ്ങളിൽ തീർത്ഥാടകർക്ക് താമസവും ഭക്ഷണവും യാത്രയും ഒരുക്കുന്നത്. മെട്രോയിലെ യാത്രാ ടിക്കറ്റുകള്‍ ദുൽഹജ്ജ് ഏഴിന് മുമ്പായി ഇന്ത്യയിൽ നിന്നും വന്ന വാളന്റിയർമാർ വഴി വിതരണം ചെയ്യും.
ഇന്ത്യയില്‍ നിന്നുള്ള ഹാജിമാർക്കുള്ള തമ്പുകളുടെ ഒരുക്കം മിനായിൽ അവസാന ഘട്ടത്തിലാണ്. ഇന്ത്യയിൽനിന്ന് വരാനുള്ള 490 തീർത്ഥാടകരും ഞായറാഴ്ച എത്തും. അഹമ്മദാബാദിൽ നിന്ന് 377ഉം മുംബൈയിൽ നിന്ന് 113 ഉം തീർത്ഥാടകരാണ് ജിദ്ദയിൽ ഇറങ്ങുന്നത്.