‘സാങ്കേതിക സർവകലാശാലയിലെ പുതിയ വിസിയുടെ നിയമനം ചട്ടം ലംഘിച്ച്’; ഗവർണർക്കെതിരെ തോമസ് ഐസക്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്. എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ പുതിയ വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ ഗവർണർ നിയമിച്ച് ചട്ടം ലംഘിച്ചാണെന്നാണ് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക സർവകലാശാല വിസിക്കായി സർക്കാർ നിർദേശിച്ച പേരുകൾ തള്ളിയാണ് ഗവർണർ ഡോ. സിസ തോമസിനെ നിയമിച്ചത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആണ് ഡോ. സിസ തോമസ്. വൈസ് ചാൻസലർ ആയിരുന്ന ഡോക്ടർ എം എസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ വിസിയെ നിയമിച്ചത്. ഡോക്ടർ രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി എസ് ശ്രീജിത്തിന്റെ പരാതിയിലായിരുന്നു നടപടി.