Friday, April 11, 2025
National

ഓപ്പറേഷൻ കമലയിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ടിആർഎസ്; തുഷാറിന്‍റേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത്

ഹൈദരാബാദ്: തെലങ്കാനയിലെ ഓപ്പറേഷൻ കമലയുമായി ബന്ധപ്പെട്ട ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത്. ഏജന്‍റുമാരുമായി തുഷാര്‍ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. ടി ആർ എസിന്റെ എം എൽ എമാരുമായി കൂടിക്കാഴ്ച നടത്താമെന്ന് ശബ്ദരേഖയില്‍ തുഷാർ വെള്ളാപ്പള്ളി പറയുന്നു. ബിഎല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നും ശബ്ദരേഖയില്‍ തുഷാര്‍ ഫോണില്‍ പറയുന്നുണ്ട്.

ഓപ്പറേഷൻ കമല കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ടി ആർ എസ്. രണ്ട് ദിവസത്തിനകം ഡീല്‍ ഉറപ്പിക്കാമെന്ന് തുഷാർ ശബ്ദരേഖയിൽ പറയുന്നു. ബിഎല്‍ സന്തോഷ് കാര്യങ്ങൾ ഡീൽ ചെയ്ത് തരുമെന്നാണ് തുഷാർ പറയുന്നത്.  അമിത് ഷായ്ക്ക് ഒപ്പം ഗുജറാത്തിലുണ്ടെന്നും ഡീൽ ഉറപ്പിക്കാമെന്നും ടി ആർ എസിന്റെ എം എൽ എമാർക്ക് ഏജന്റുമാരുടെ ഫോണിലൂടെ തുഷാർ ഉറപ്പ് നൽകുന്നുണ്ട്. ബിഎല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങൾ ഉറപ്പിക്കാമെന്നും അതിന് മുമ്പ് നമ്മുക്ക് ഒന്ന് കാണണമെന്നും ഏജന്‍റ് നന്ദകുമാറിനോട് തുഷാർ പറയുന്നുണ്ട്.

കെസിആറിന്‍റെ ആരോപണം ബിജെപിയും തുഷാർ വെള്ളാപ്പള്ളിയും തള്ളിയതിന് പിന്നാലെയാണ് കൂടുതല്‍ തെളിവുകൾ പുറത്ത് വരുന്നത്. വീഡിയോകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ടിആ‍ർഎസ് വിലയ്ക്കെടുത്ത അഭിനേതാക്കളാണ്  വീഡിയോയിലെ ഏജന്റുമാരെന്ന് കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി പ്രതികരിച്ചു. മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പുറത്ത് വിട്ട ദൃശ്യങ്ങളിൽ തന്റെ ബന്ധം തെളിയിക്കുന്ന ഒന്നുമില്ലെന്ന് പറഞ്ഞ തുഷാർ വെള്ളാപ്പള്ളി തന്‍റെ പങ്ക് വ്യക്തമാക്കുന്ന തെളിവ്  ടി ആർ എസ് ഹാജരാക്കട്ടെയെന്നും വെല്ലുവിളിച്ചിരുന്നു.

അതേസമയം ആരോപണത്തിലുറച്ച് നിൽക്കുകയാണ് ടിആ‍ർഎസും ചന്ദ്രശേഖ‌ർ റാവുവും. തെലങ്കാന ഹൈക്കോടതിയിൽ വീഡിയോ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്.  സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഓപ്പറേഷന്റെയും ചുമതല തുഷാർ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചത്. കേസിൽ അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിറെ ബന്ധപ്പെട്ടതിന്റെ ഫോൺവിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. തുഷാർ, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെസിആ‍ര്‍ ആരോപിച്ചിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *