മൊബൈല്‍ ആപ്പ് വഴി വായ്പാ തട്ടിപ്പ്; മാനസിക പീഡനം സഹിക്കാനാകാതെ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍
മൊബൈല്‍ ആപ്പ് വഴി ലോണ്‍ എടുത്ത ശേഷം മാനസിക പീഡനത്തെ തുടര്‍ന്ന് ചെന്നൈയില്‍ ടെക്കി ആത്മഹത്യ ചെയ്ത നിലയില്‍. മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. മൊബൈല്‍ ആപ്പ് വഴി വായ്പ എടുത്തിരുന്ന ഇയാള്‍ ആപ്പ് അധികൃതരുടെ മാനസിക പീഡനം സഹിക്കാനാകാതെയാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പെരുങ്കുടിയില്‍ സ്ഥിതി ചെയ്യുന്ന ഐടി സ്ഥാനപനത്തിലെ നരേന്ദ്രന്‍ (23) ആണ് മരിച്ചത്. സംഭവത്തില്‍ എംജിആര്‍ നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 33,000 രൂപയാണ് ഇയാള്‍ ആപ്പ് വഴി ലോണ്‍ എടുത്തത്. പറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഈ തുക പൂര്‍ണമായും അടച്ചുതീര്‍ത്തെന്നും എന്നാല്‍ 33000 രൂപ കൂടി വീണ്ടും അടയ്ക്കണമെന്ന് പറഞ്ഞ് നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നെന്നും നരേന്ദ്രന്റെ ബന്ധുക്കള്‍ പറഞ്ഞു. യുവാവ് ഇതേതുടര്‍ന്ന് വലിയ മനോവിഷമത്തിലായിരുന്നു.
ഭീഷണികള്‍ നിരന്തരം വന്നതോടെ വീട്ടുകാരുടെ പക്കല്‍ നിന്ന് യുവാവ് 50,000 രൂപ കൂടി വാങ്ങി ലോണ്‍ അടച്ചിരുന്നു. എന്നാല്‍ ഇതും പോരെന്ന് പറഞ്ഞ് വണ്ടും പണമടയ്ക്കണണെന്നായി ഭീഷണി. ഇല്ലെങ്കില്‍ യുവാവിന്റെ നഗ്ന ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. യുവാവിന്റെ സുഹൃത്തുക്കള്‍ക്കും ആപ്പ് അധികൃതരില്‍ നിന്ന് കോളുകള്‍ വന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.