ഇത് ജോലിയുടെ ഭാഗമാണ്, ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടി, മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നു; അച്ചു ഉമ്മൻ
അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മനും മാറിയ ഉമ്മനും. വിമർശനം നല്ലതാണ് എന്നാൽ അതിന് പരിധിയുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. കഥകൾ മെനഞ്ഞു വിമർശനം നടത്തുന്നവർ സ്വയം ആലോചിക്കണം. സൈബർ ആക്രമണം ആരോഗ്യകരമായ രീതിയല്ല.
ഇതുമായി ബന്ധപ്പെട്ടവർ പിന്മാറണമെന്നും മറിയ ഉമ്മൻ പ്രതികരിച്ചു. അച്ചു ഉമ്മന്റെ തൊഴിലിനെ ആക്ഷേപിക്കുന്നത് ശരിയല്ല. തെറ്റ് ചെയ്യാത്തതിനാൽ തങ്ങൾക്ക് ഒരു ഭയവുമില്ലെന്ന് മറിയ ഉമ്മൻ പറഞ്ഞു.
ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്ന അച്ചുവിന്‍റെ ചിത്രങ്ങൾ ചേർത്ത് ഇടത് സൈബർ ഹാൻഡിലുകളിലെ അധിക്ഷേപങ്ങൾക്കെതിരെ അച്ചു ഉമ്മൻ പ്രതികരിച്ചു. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടി.മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നു.മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ. സൈബർ ആക്രമണം അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അവര്‍ പറഞ്ഞു.
പിതാവിന്‍റെ പേര് ഉപയോഗിച്ച് ഇതുവരെ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും ചെയ്ത എല്ലാ കാര്യങ്ങളും സുതാര്യമെന്നും അച്ചു പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരായ സിപിഐഎം അധിക്ഷേപങ്ങളുടെ തുടർച്ചയാണിതെന്ന് യുഡിഎഫ് ആരോപിക്കുന്നു.