നെല്ലിയാമ്പതി വെള്ളച്ചാട്ടത്തിൽ ഒരാളെ കാണാതായി
നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ വീണ് ഒരാളെ കാണാതായി. കുണ്ടറ ചോല വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. എറണാകുളം പുത്തൻകുരിശ് സ്വദേശി ജയരാജ് എന്ന ജയ്‌മോനാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ ഒഴുക്കിൽപ്പെട്ട് ഏറെ ദൂരയെത്തിയ ഇദ്ദേഹത്തെ ഫയർഫോഴ്‌സ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
ശനിയാഴ്ച രണ്ട് മണിയോടെയാണ് അപകടം. നെല്ലിയാമ്പതി പോയി തിരിച്ചുവരുന്നതിനിടെയാണ് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്. ജയ്‌മോൻ വണ്ടിയിൽ നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയിൽ കയറുന്നതിനിടെ വഴുതി താഴേക്ക് വീഴുകയുമായിരുന്നു.
പോലീസ് സംഘവും ഫയർഫോഴ്‌സ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൊല്ലങ്കോട് നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം ഇയാളെ കണ്ടെത്തിയതായി വാർത്തകളുണ്ട്. ജയ്‌മോനെ കരയിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്.