ഉമ്മൻ ചാണ്ടിയെ മറയാക്കി കളിക്കരുത്; ചെന്നിത്തലയെ വിമർശിച്ച് തിരുവഞ്ചൂർ
രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുതെന്ന് തിരുവഞ്ചൂർ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ മറയാക്കി പുറകിൽ നിന്ന് കളിക്കരുത്. പാർട്ടിയിൽ പകയുടെ കാര്യമില്ല. പാർട്ടി ക്ഷീണത്തിലായ നിലവിലെ സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു
തർക്കമുണ്ടെങ്കിൽ അത് പരിഹരിക്കണം. ഉമ്മൻ ചാണ്ടിക്ക് കേരളാ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഒരു സ്ഥാനമുണ്ട്. അത് ചോദ്യം ചെയ്യാൻ ആരും തയ്യാറാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും തിരുവഞ്ചൂർ പ്രതികരിച്ചു
താൻ പാർട്ടിയുടെ നാലണ മെമ്പറാണെന്നും എന്നാൽ ഉമ്മൻ ചാണ്ടി അങ്ങനെയല്ലെന്നും സംഘടനാപരമായ കാര്യങ്ങൾ ഉമ്മൻ ചാണ്ടിയുമായി ആലോചിക്കേണ്ട ബാധ്യതയുണ്ടെന്നുമായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ. ഇത് പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.