ശ്രീറാമിനെ നിയമം നിര്‍ബന്ധിച്ചതിനാലാണ് സര്‍വീസില്‍ തിരിച്ചെടുത്തത്, മാറ്റിയത് ജനവികാരം കണക്കിലെടുത്തെന്നും കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടര്‍ പദവിയില്‍ നിന്നും മാറ്റിയത് ജനവികാരം കണക്കിലെടുത്തെന്ന് സിപിഎം.മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ നിയമം നിര്‍ബന്ധിച്ചതിനാലാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. പിന്നീട് സര്‍വീസ് നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ കലക്ടറാക്കി. എന്നാല്‍, അതില്‍ പൗരസമൂഹത്തില്‍ എതിര്‍പ്പുണ്ടായി. ആ വികാരം കണക്കിലെടുത്താണ് നിയമനം സര്‍ക്കാര്‍ റദ്ദാക്കിയതെന്ന് ദേശാഭിമാനിയിലെ ലേഖനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
ജനാധിപത്യപരമായ ന്യായമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളുന്ന സമീപനം എല്‍ഡിഎഫ് സര്‍ക്കാരിന് ഇല്ല. എന്നാല്‍, രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള സമരകോലാഹലങ്ങള്‍ക്കു മുന്നില്‍ ഈ സര്‍ക്കാര്‍ മുട്ടുമടക്കുകയുമില്ല. കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍ മുഖ്യമന്ത്രിക്ക് എതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരത്തില്‍ ഒരു ന്യായവുമില്ലെന്നും കോടിയേരി പറഞ്ഞു. കരിങ്കൊടി മറവിലെ കോണ്‍ഗ്രസിന്റെ അക്രമസംഭവങ്ങള്‍ കേരളത്തിന്റെ ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്.
ഭരണഘടന വ്യവസ്ഥപ്രകാരം അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നല്‍കി ജനങ്ങള്‍ അധികാരത്തിലേറ്റിയതാണ് എല്‍ഡിഎഫ് പ്രതിനിധിയായ മുഖ്യമന്ത്രി പിണറായി വിജയനെ. അദ്ദേഹം ഒരു മുന്നണിയുടെയും കക്ഷിയുടെയും നേതാവാണെങ്കിലും കേരളത്തിന്റെയാകെ മുഖ്യമന്ത്രിയാണ്. ആ ഭരണാധികാരിയെ കാറിലാകട്ടെ, വിമാനത്തിലാകട്ടെ സഞ്ചരിക്കാന്‍ സമ്മതിക്കില്ലെന്നും ആക്രമിക്കുമെന്നും വന്നാല്‍ അത് ജനാധിപത്യത്തിന്റെ ‘ലക്ഷ്മണരേഖ’ ലംഘിക്കലാണ്.
കേരളം നശിച്ചാലും വേണ്ടില്ല, കേരളീയര്‍ കഷ്ടപ്പെട്ടാലും വേണ്ടില്ല പിണറായി ഭരണം പോയാല്‍ മതി എന്ന ചിന്തയിലാണ് കോണ്‍ഗ്രസും ബിജെപിയും നയിക്കുന്ന പ്രതിപക്ഷങ്ങള്‍. ഇത് ‘മകന്‍ ചത്തിട്ടാണേലും മരുമകളുടെ കണ്ണീര് കണ്ടാല്‍ മതി’ എന്ന ചീത്ത ചിന്തയാണ്.സര്‍ക്കാരിന്റെ ഏതെങ്കിലും നടപടിയോടോ തീരുമാനത്തോടോ വിയോജിപ്പുണ്ടെങ്കില്‍ അതില്‍ ജനാധിപത്യപരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനോട് എല്‍ഡിഎഫ് സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ മുന്നണിക്കോ അസഹിഷ്ണുതയില്ല.
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഏറ്റുപിടിച്ച് മുഖ്യമന്ത്രിക്കും മറ്റും എതിരെ കരിങ്കൊടി കാട്ടുന്നത് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന അംഗീകൃത സമരമാര്‍ഗമാണോ? അങ്ങനെയെങ്കില്‍ എന്തേ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ ഈ കറുത്തകൊടി ഉയരുന്നില്ലെന്ന് കോടിയേരി ചോദിച്ചു. മുഖ്യമന്ത്രി വ്യക്തിപരമായോ പദവി ഉപയോഗിച്ചോ ഒരു അഴിമതിയും നടത്തിയിട്ടില്ല.
മോദിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും എതിരെ റഫേല്‍ വിമാന ഇടപാടുമുതല്‍ പൊതുമേഖലാ ഓഹരി വിറ്റഴിക്കല്‍ ക്രമക്കേടും പെഗാസസുംവരെ പലവിധ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നു. ചിലതെല്ലാം കോടതിയുടെ പരിഗണനയിലുമാണ്. അതുപോലെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരെ ഉള്‍പ്പെടെ ഇഡിയെ ദുരുപയോഗിച്ച് മോദി ഭരണം പീഡിപ്പിക്കുന്നു എന്ന് കോണ്‍ഗ്രസുതന്നെ പരാതിപ്പെടുന്നു. എന്നിട്ടും മോദിക്കെതിരെ കോണ്‍ഗ്രസ് എന്തേ കരിങ്കൊടി കാട്ടാത്തത്. ലേഖനത്തില്‍ കോടിയേരി ചോദിച്ചു.