ലോകായുക്ത നിയമ ഭേദഗതി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശ പ്രകാരം: കോടിയേരി
തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശ പ്രകാരമാണ് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് മന്ത്രിസഭ കൊണ്ടുവന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോകായുക്ത നിയമം എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണ്. അതിന് ശേഷം നിലവില്‍ വന്ന ലോക്പാല്‍ നിയമവും മറ്റ് സംസ്ഥാനങ്ങളിലെ ലോകായുക്ത നിയമങ്ങളും പരിശോധിച്ച് 2021 ഏപ്രില്‍ 13നാണ് അന്നത്തെ എ ജി അഡ്വ. സുധാകരപ്രസാദ് നിയമോപദേശം നല്‍കിയതെന്നും സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം അദ്ദേഹം വാർത്താ സമ്മളനത്തിൽ പറഞ്ഞു.
കേരളത്തിലെ ലോകായുക്ത നിയമത്തില്‍ ഭരണഘടനാപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ ഇതിന് പ്രസക്തിയുണ്ടെന്ന് സര്‍ക്കാര്‍ കണ്ടെത്തി. കര്‍ണാടക, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഭരണഘടനാ പദവിയിലുള്ള വ്യക്തിയെ പുറത്താക്കാന്‍ ലോകായുക്തക്ക് അധികാരമില്ല. പുറത്താക്കാന്‍ നിയമസഭയിലെ മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണ വേണമെന്നാണ് പഞ്ചാബിലെ ലോകായുക്ത നിയമം പറയുന്നത്. 2016ലും എ ജി ഓഫ് പ്രോസിക്യൂഷന്‍ ഭരണഘടനാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്താണ് ആദ്യമായി ശിപാര്‍ശ ലഭിച്ചത്. നവംബര്‍ 21ന് ശേഷമാണ് ചെന്നിത്തല ആര്‍ ബിന്ദുവിനെതിരെ ലോകായുക്തയില്‍ പരാതി നല്‍കിയത്. എ ജിയുടെ ഉപദേശമാകട്ടെ ഏപ്രിലിലുമാണ് ലഭിച്ചത്. സര്‍ക്കാറിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പ്രതിപക്ഷ നേതാവിനോട് അഭിപ്രായം ചോദിക്കേണ്ടതില്ല. അങ്ങനെയൊരു കീഴ്‌വഴക്കം കേരളത്തിലില്ലെന്നും കോടിയേരി പറഞ്ഞു.