മറ്റൊരു ചാരക്കേസ് ചമയ്ക്കാന്‍ സമ്മതിക്കില്ല; സ്വയം കുഴിച്ച കുഴിയില്‍ വീണവരെ സഹായിക്കുകയുമില്ലെന്ന് കോടിയേരി
സ്വര്‍ണക്കടത്ത് കേസില്‍ രാഷ്ട്രീയമുതലെടുപ്പിന് സമ്മതിക്കില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണക്കടത്തിനെ ചാരക്കേസിനോടാണ് കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വിശേഷിപ്പിക്കുന്നത്. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാന്‍ കേരളം അനുവദിക്കില്ലെന്ന് അദ്ദേഹം പറയുന്നു
യുഡിഎഫിലെയും കോണ്‍ഗ്രസിലെയും കൊട്ടാര വിപ്ലവത്തിന്റെ കാലത്ത് ചാരക്കേസ് സൃഷ്ടിച്ച് ഒരു മുഖ്യമന്ത്രിയെ രാജിവെപ്പിച്ച അനുഭവമുണ്ട്. അതിന് വേണ്ടി ഒരു സ്ത്രീയെയും ഐപിഎസ് ഉദ്യോഗസ്ഥനെയും കേന്ദ്രബിന്ദുവാക്കി കഥകളുണ്ടാക്കി. അതിന്റെ പശ്ചാത്തലത്തിലായിരുന്നു കരുണാകരന്റെ രാജി. അത്തരമൊരു അവസ്ഥ ഇന്നുണ്ടാകുമെന്ന് കോണ്‍ഗ്രസുകാര്‍ കരുതേണ്ട.
കൊവിഡ് പ്രതിരോധത്തില്‍ ലോകമാതൃകയായി കേരളത്തെ നയിക്കുന്ന പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കളങ്കമില്ലാത്ത സര്‍ക്കാരിനെതിരെ കള്ളക്കഥകള്‍ ചമച്ച്, അരാജക സമരം നടത്തി സര്‍ക്കാരിനെ തകര്‍ക്കാമെന്ന് കരുതണ്ട. പിണറായി സര്‍ക്കാരിനൊപ്പം പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായുണ്ടെന്നും കോടിയേരി വ്യക്തമാക്കി.