Tuesday, January 7, 2025
Kerala

സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണം’; ഗവർണർ കേന്ദ്ര മന്ത്രിക്ക് കത്ത് നൽകി

സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റയിൽമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്. കഴിഞ്ഞവർഷം ഓഗസ്റ്റ് 16നാണ് ഗവർണർ കത്തയച്ചത്. ആരിഫ് മുഹമ്മദ് ഖാൻ അയച്ച കത്തിൻറെ പകർപ്പ് പുറത്തായി.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 16 ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്താണ് പുറത്തായിരിക്കുന്നത്. സിൽവർ ലൈൻ പദ്ധതി വേഗത്തിലാക്കണമെന്നാണ് കത്തിലെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ചു 2020 ഡിസംബറിൽ അന്നത്തെ റയിൽവേ മന്ത്രിയായിരുന്ന പീയൂഷ് ഗോയലിനും ഗവർണർ കത്തെഴുതിയിരുന്നു. സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് സിൽവർ ലൈൻ. പദ്ധതിക്ക് കേന്ദ്ര റയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും സിൽവർ ലൈൻ ഡി.പി.ആർ റയിൽവേ ബോർഡിന്റെ പരിഗണനക്ക് സമർപ്പിച്ചിട്ടുണ്ടെന്നും ഗവർണർ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

പദ്ധതിക്ക് അനുമതി തേടി 2021 ജൂലൈ 13 ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയേയും റയിൽവേ മന്ത്രിയേയും കണ്ടിരുന്ന കാര്യവും
ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടിയുണ്ട്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം എം പി മാരുടെ യോഗം വിളിച്ചിരുന്നു. യോഗ അജണ്ടയിൽ സർക്കാർ ഗവർണറുടെ കത്തും ഉൾപെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *