Saturday, October 19, 2024
Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ നടപടി; 25 മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് 125 കോടി രൂപ തിരിച്ചുപിടിക്കാന്‍ ഉത്തരവ്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഉള്‍പ്പെട്ട മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് പണം ഈടാക്കന്‍ നടപടിയ്ക്ക് ഉത്തരവ്. 25 പേരില്‍ നിന്ന് 125.84 കോടി ഈടാക്കാനാണ് നടപടി. സഹകരണ ജോയിന്റ് രജിസ്റ്റാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പണം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. 20 മുന്‍ ഡയറക്ടര്‍മാരില്‍ നിന്നും മുന്‍സെക്രട്ടറി, മുന്‍ മാനേജര്‍, മുന്‍ അക്കൗണ്ടന്റ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേരില്‍ നിന്നുമാണ് തുക ഈടാക്കുക. പണം നല്‍കേണ്ടത് സംബന്ധിച്ച് ഇവര്‍ക്ക് ഉടനടി നോട്ടീസ് നല്‍കും.

കരുവന്നൂരില്‍ 300 കോടിയിലധികം രൂപയുടെ തട്ടിപ്പായിരുന്നു നടന്നിരുന്നത്. അതില്‍ 125 കോടി രൂപയാണ് ഇപ്പോള്‍ ഈ നടപടിയിലൂടെ തിരിച്ചുപിടിക്കുന്നത്. നടപടി സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം റവന്യൂ റിക്കവറി വിഭാഗത്തിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍ മുതലായവര്‍ക്ക് പണം തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും ഉടന്‍ നല്‍കും. ഈ ആഴ്ച തന്നെ നടപടിക്രമങ്ങള്‍ ആരംഭിക്കും.

മാനുഷിക പരിഗണനയുടെ പേരില്‍ മുന്‍ അംഗങ്ങള്‍ക്ക് പണം നല്‍കാന്‍ മൂന്ന് ദിവസം വരെ സാവകാശം അനുവദിക്കും. അതിന് ശേഷവും തുക അടച്ചില്ലെങ്കില്‍ ഇവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കും കടക്കുമെന്നാണ് റവന്യൂ വകുപ്പില്‍ നിന്ന് ലഭിക്കുന്ന സൂചന.

Leave a Reply

Your email address will not be published.