Monday, January 6, 2025
Kerala

കെട്ടിട നികുതി കൂട്ടിയത് പിൻവലിക്കണമെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ; പ്രമേയം പാസാക്കി സർക്കാരിനയച്ചു

മലപ്പുറം: കെട്ടിട നികുതിപരിഷ്ക്കരണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്തെ പകുതിയോളം തദ്ദേശ സ്ഥാപനങ്ങളും പ്രമേയം പാസാക്കി സര്‍ക്കാരിനയച്ചു. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാതിരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെങ്കിലും പ്രതിഷേധ പരിപാടിയായിട്ടാണ് പ്രമേയം പാസാക്കിയത്.

മലപ്പുറത്തെ ഭൂരിഭാഗം പഞ്ചായത്തുകളും ഭരിക്കുന്നത് യുഡിഎഫാണ്. 94 പഞ്ചായത്തുകളില്‍ 70 തും 12 നഗരസഭകളില്‍ 9 ഉം യുഡിഎഫാണ്.
കെട്ടിട നികുതി പരിഷ്ക്കരണത്തിനെതിരെ പ്രമേയം പാസാക്കാന്‍ യുഡിഎഫ് ജില്ലാ നേതൃത്വം ഭരണസമിതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടില്ലെങ്കിലും നാല്‍പതോളം പഞ്ചായത്തുകളും 7 നഗരസഭകളും പ്രമേയം പാസാക്കി. യുഡിഎഫ് ഭരിക്കുന്ന മറ്റ് ഭരണസമിതികളും തീരുമാനം പിന്‍വലിക്കണമെന്ന പ്രമേയം പാസാക്കിഅടുത്ത ദിവസം അയയ്ക്കും.

വര്‍ധിപ്പിച്ച നികുതി ഈടാക്കില്ലെന്ന് തദ്ദേശ ഭരണസമിതികള്‍ക്ക് പ്രഖ്യാപിക്കാമെങ്കിലും നടപ്പിലാക്കാനാകില്ല. പഞ്ചായത്തീ രാജ് ആക്ട് പ്രകാരം സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. തീരുമാനം നടപ്പാക്കാതിരിക്കാന്‍ കോടതിയെ സമീപിക്കാനുള്ള സാധ്യതകള്‍ ചില പഞ്ചായത്തുകള്‍ തേടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *