Saturday, January 4, 2025
Kerala

കെട്ടിടത്തിന്റെ നികുതി നിശ്ചയിച്ച ശേഷം വരുത്തുന്ന തരം മാറ്റങ്ങൾ 30 ദിവസത്തിനുള്ളിൽ അറിയിക്കാത്ത വസ്തു ഉടമകൾക്ക് കെട്ടിട നികുതി പിഴയായി ഈടാക്കും

കെട്ടിടത്തിന്റെ നികുതി നിശ്ചയിച്ച ശേഷം വരുത്തുന്ന തരം മാറ്റങ്ങൾ 30 ദിവസത്തിനുള്ളിൽ അറിയിക്കാത്ത വസ്തു ഉടമകൾക്ക് കെട്ടിട നികുതി പിഴയായി ഈടാക്കും. സംസ്ഥാനത്തെ കെട്ടിടനികുതി വർഷം തോറും അഞ്ച് ശതമാനം വർധിപ്പിച്ച് പിരിച്ചെടുക്കാൻ തദ്ദേശവകുപ്പ് പുറത്തിറക്കിയ മാർഗനിർദ്ദേശത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശമുള്ളത്.

വസ്തുനികുതി നിർണയിച്ച ശേഷം തറവിസ്തീർണത്തിലോ,ഉപയോഗത്തിലോ വരുത്തുന്ന മാറ്റം 30ദിവസത്തിനുള്ളിൽ തദ്ദേശസ്ഥാപന സെക്രട്ടറിയെ അറിയിച്ചില്ലെങ്കിൽ പുതിയ നികുതിയാകും ബാധകമാകുക. നിലവിൽ വർഷങ്ങളായി താമസിക്കുന്ന വീട്ടിൽ അറ്റകുറ്റപണി നടത്തിയവർ 15 ദിവസത്തിനുള്ളിൽ അറിയിച്ചില്ലെങ്കിൽ പരമാവധി 500 രൂപ പിഴ ചുമത്താനും നിർദ്ദേശമുണ്ട്. നേരത്തെ കെട്ടിടം തരം മാറ്റി ഉപയോഗിച്ചാലും അറ്റകുറ്റപണി നടത്തിയാലും കണ്ടെത്തി പിഴ ചുമത്തേണ്ടത് തദ്ദേശസ്ഥാപനത്തിന്റെ ചുമതലയായിരുന്നു. പുതിയ ഭേദഗതിയോടെ ഇത് ഉടമയുടെ ഉത്തരവാദിത്വമായി.

മുൻകാലങ്ങളിൽ ഇത്തരത്തിൽ നികുതി നിർണയത്തിന് ശേഷം തരം മാറ്റം വരുത്തിയവരും അറ്റകുറ്റപണി നടത്തിയവർക്കും മേയ് 15വരെ തദ്ദേശസ്ഥാപനത്തെ അറിയിച്ചാൽ പിഴയിൽ നിന്ന് ഒഴിവാകാം. കെട്ടിട ഉടമകൾ അറിയിച്ചാലും ഇല്ലെങ്കിലും ഇക്കാര്യങ്ങൾ ഫീൽഡ് തല പരിശോധന നടത്തി ഉറപ്പാക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ജൂൺ മാസം 30ന് മുമ്പ് പരിശോധന പൂർത്തിയാക്കണമെന്നും നിർദ്ദേശമുണ്ട്. കെട്ടിട നികുതി വർഷം തോറും അഞ്ച് ശതമാനം വർദ്ധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന ധനകാര്യ ബിൽ കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയതിന് പിന്നാലെയാണ് നികുതി പിരിച്ചെടുക്കാൻ മാർഗനിർദ്ദേശമായത്.

Leave a Reply

Your email address will not be published. Required fields are marked *